ബീച്ചിൽ വാഹനത്തിന്റെ റീൽസ് ചിത്രീകരിക്കുന്നതിനിടെ അതേ വാഹനമിടിച്ച് യുവാവ് മരിച്ചു. വടകര കടമേരി തച്ചിലേരി താഴെകുനി സുരേഷ് ബാബുവിന്റെ മകൻ ആൽവിൻ ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ വെള്ളയിൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബീച്ചിലെ റോഡിലാണ് അപകടമുണ്ടായത്.
ആൽവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും 11:30 ഓടെ മരിക്കുകയായിരുന്നു. ഇന്ന് രാവിലെ ഏഴരയ്ക്കായിരുന്നു റീൽസ് ചിത്രീകരണവും തുടർന്നുള്ള അപകടവും നടന്നത്. വാഹനങ്ങള്‍ വേഗത്തില്‍ വന്ന് നിശ്ചിത സ്ഥലത്ത് ബ്രേക്ക് ചെയ്യുന്നതാണ് ചിത്രീകരിച്ചത്. നിശ്ചിത സ്ഥലത്ത് കാര്‍ നിര്‍ത്താന്‍ കഴിയാത്തതാണ് അപകടകാരണം. ഒരാഴ്ച മുൻപാണ് ആൽവിൻ ഗൾഫിൽനിന്ന് എത്തിയത്.
രണ്ടു വർഷം മുൻപ് ആൽവിന് വൃക്കരോഗത്തിനു ശസ്ത്രക്രിയ ചെയ്തിരുന്നു. ആറു മാസം കൂടുമ്പോൾ പരിശോധന നടത്തണം. അതിനായാണ് നാട്ടിൽ എത്തിയത്. അതിനിടെയാണ് വാഹന കമ്പനിക്കു വേണ്ടി ആഡംബര കാറുകളുടെ വിഡിയോ എടുക്കാൻ ഇന്നു രാവിലെ വെള്ളയിൽ എത്തിയത്. റോഡിനു നടുവിൽ നിന്ന്, രണ്ടു വാഹനങ്ങൾ കടന്നുപോകുന്നതിന്റെ റീലാണ് ചിത്രീകരിച്ചതെന്നാണ് വിവരം. വാഹനങ്ങൾ ആൽവിനെ കടന്നു പോയപ്പോൾ ഒരു വാഹനത്തിന്റെ വശം തട്ടുകയായിരുന്നു. ആ വാഹനത്തിൽത്തന്നെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പതിനൊന്നരയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.