കോഴിക്കാട് ബീച്ച് റോഡിൽ മത്സരയോട്ടം ചിത്രീകരിക്കുന്നതിനിടെയാണ് കാറിടിച്ച് വിഡിയോഗ്രഫർ ആൽവിൻ മരിച്ചത്. ഇതിന് പിന്നാലെ കളിയാക്കി പല തരത്തിലുള്ള ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ വന്നിരുന്നു. റീല്‍സ് എടുക്കുന്നതിനിടെയാണ് അപകടമെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്ത, ഇപ്പോഴിതാ സൈബറിടത്ത് വന്ന കുറിപ്പ് ഇങ്ങനെയാണ്. ‘ഈ ചെറുപ്പക്കാരൻ അയാളുടെ ജോലിക്കിടയിലാണ് മരണപ്പെട്ടത്. ആരോഗ്യപ്രശ്നങ്ങളെ അതിജീവിച്ച് സധൈര്യം മുന്നോട്ട് പോവുന്ന ഒരാൾ. അയാളുടെ മരണത്തെ പരിഹസിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. സ്വന്തം വീട്ടിലാരെങ്കിലും മരിച്ചാലും ചിരിയുടെ, പുഛത്തിന്‍റെ ദേഷ്യത്തിന്‍റെ ഇമോജികൾ ഇട്ടുകൊണ്ടിരിക്കണം, ഈ ഇമോജികളെല്ലാം കണ്ടുപിടിച്ചത് അതിന് വേണ്ടിയാണ്, ആദരാഞ്ജലികൾ അനിയാ, എന്നാണ് കുറിപ്പ്.
വടകര കടമേരി തച്ചിലേരി താഴെകുനി സുരേഷിന്റെയും ബിന്ദുവിന്‍റെയും ഏക മകനായ ആൽവിൻ ആണ് മരിച്ചത്. രാവിലെ ഏഴരയോടെ വെള്ളയിൽ പൊലീസ് സ്റ്റേഷനു സമീപമായിരുന്നു അപകടം. 2 കാറുകൾ സമാന്തരമായി അതിവേഗത്തിൽ എത്തുന്ന രംഗം റോഡിന്‍റെ മധ്യഭാഗത്തു നിന്ന് ആൽവിൻ ചിത്രീകരിക്കുകയായിരുന്നു. കാറുകൾ ആൽവിന്‍റെ തൊട്ടു മുന്നിൽ എത്തുമ്പോൾ നിർത്താനായിരുന്നു നിശ്ചയിച്ചത്. എന്നാൽ കാറുകളുടെ അതിവേഗം കണ്ട ആൽവിൻ റോഡിന്‍റെ വശത്തേക്കു മാറുമ്പോൾ ഇടിക്കുകയായിരുന്നു.കാർ ആക്സസറീസ് സ്ഥാപനത്തിന്റെ പ്രമോഷൻ റീൽസ് ആണു ചിത്രീകരിച്ചത്. ഗൾഫിൽ ബന്ധുവിന്‍റെ സ്ഥാപനത്തിൽ വിഡിയോഗ്രഫറായി ജോലി ചെയ്യുകയായിരുന്നു ആൽവിൻ. 2 വർഷം മുൻപു വൃക്ക മാറ്റിവച്ചതുമായി ബന്ധപ്പെട്ട പരിശോധനയ്ക്കായാണ് നാട്ടിലെത്തിയത്. നേരത്തെ ഇതേ സ്ഥാപനത്തിന്റെ റീൽസ് ചെയ്തിട്ടുള്ളതിനാൽ നാട്ടിലെത്തിയപ്പോൾ അവർ വീണ്ടും വിളിക്കുകയായിരുന്നു.