കോഴിക്കോട് ബീച്ച് റോഡിൽ പരസ്യ ചിത്രീകരണത്തിനിടെ വടകര സ്വദേശി ആൽവിനെ ഇടിച്ചത് തെറിപ്പിച്ചത് ബെന്‍സ് കാര്‍ ഉടമയായ മഞ്ചേരി സ്വദേശി സാബിത്ത്. ഡിഫന്‍ഡര്‍ വാഹനമാണ് അപകടമുണ്ടാക്കിയെന്ന് വരുത്തിതീര്‍ക്കാന്‍ ആഢംബര കാര്‍ ഡീലറായ 999 ഓട്ടോമോട്ടീവ് ഉടമ സാബിത് കല്ലിങ്കല്‍ ശ്രമിച്ചെന്നും പൊലീസ് പറഞ്ഞു. സാബിത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍വാഹന വകുപ്പിന് പൊലീസ് നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെ ആഡംബര വാഹനങ്ങളുമായി സ്ഥിരം റീല്‍സ് ഇട്ടിരുന്ന സാബിത്ത് തന്‍റെ ഇന്‍സ്റ്റാഗ്രം പേജ് തന്നെ ഡിലിറ്റാക്കി.
ബീച്ച് റോഡിൽ മത്സരയോട്ടം ചിത്രീകരിക്കുന്നതിനിടെയാണ് വടകര കടമേരി തച്ചിലേരി താഴെകുനി സുരേഷിന്‍റെയും ബിന്ദുവിന്റെയും ഏക മകനായ ആൽവിൻ (20) മരിച്ചത്. അപകടത്തെ തുടർന്ന് കാറുകൾ ഓടിച്ചിരുന്ന മഞ്ചേരി സ്വദേശി സാബിദ് റഹ്മാൻ, ഇടശേരി സ്വദേശി മുഹമ്മദ് റബീസ് എന്നിവരെ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 2 കാറുകൾ സമാന്തരമായി അതിവേഗത്തിൽ എത്തുന്ന രംഗം റോഡിന്‍റെ മധ്യഭാഗത്തു നിന്ന് ആൽവിൻ ചിത്രീകരിക്കുകയായിരുന്നു. കാറുകൾ ആൽവിന്‍റെ തൊട്ടു മുന്നിൽ എത്തുമ്പോൾ നിർത്താനായിരുന്നു നിശ്ചയിച്ചത്. എന്നാൽ കാറുകളുടെ അതിവേഗം കണ്ട ആൽവിൻ റോഡിന്‍റെ വശത്തേക്കു മാറുമ്പോൾ ഇടിക്കുകയായിരുന്നു. കാർ ആക്സസറീസ് സ്ഥാപനത്തിന്‍റെ പ്രമോഷൻ റീൽസ് ആണു ചിത്രീകരിച്ചത്.ഗൾഫിൽ ബന്ധുവിന്‍റെ സ്ഥാപനത്തിൽ വിഡിയോഗ്രഫറായി ജോലി ചെയ്യുകയായിരുന്നു ആൽവിൻ. 2 വർഷം മുൻപു വൃക്ക മാറ്റിവച്ചതുമായി ബന്ധപ്പെട്ട പരിശോധനയ്ക്കായാണ് നാട്ടിലെത്തിയത്. നേരത്തെ ഇതേ സ്ഥാപനത്തിന്‍റെ റീൽസ് ചെയ്തിട്ടുള്ളതിനാൽ നാട്ടിലെത്തിയപ്പോൾ അവർ വീണ്ടും വിളിക്കുകയായിരുന്നു.
നീലയും കറുപ്പും നിറത്തിലുള്ള വാഹനങ്ങള്‍ ഓടിച്ചത് മഞ്ചേരി സ്വദേശി സാബിത്ത് റഹ്മാനും ഇടശേരി സ്വദേശി മുഹമ്മദ് റബീസും ആയിരുന്നു. നീല വാഹനത്തിന് ഇൻഷുറൻസ് ഇല്ലാത്തതിനാൽ ആൽവിനെ ഇടിച്ചത് കറുത്ത കാറാണെന്ന് ഇരുവരും പൊലീസിനോട് കള്ളം പറഞ്ഞു, കുറച്ചു നേരം പൊലീസിനെ കുഴക്കിയെങ്കിലും സി സി ടി വി ദൃശ്യത്തിലൂടെ സാബിത്ത് ഓടിച്ച നീല കാറാണ് ആൽവിനെ ഇടിച്ചതെന്ന് സ്ഥിരീകരിച്ചു.