കരിമ്പ ഹയർ സെക്കൻഡറി സ്കൂളിൽനിന്നു പരീക്ഷ കഴിഞ്ഞു വീട്ടിലേക്കു പുറപ്പെട്ടതായിരുന്നു അവർ 5 പേരും. അപകടത്തിൽ നിദ ഫാത്തിമ, റിദ ഫാത്തിമ, ഇർഫാന ഷെറിൻ, എ.എസ്.ആയിഷ എന്നിവർ മരിച്ചപ്പോൾ അജ്ന മാത്രമാണു രക്ഷപ്പെട്ടത്. ആയിഷ 8 ഇ ഡിവിഷനിലും മറ്റു 4 പേർ ഡി ഡിവിഷനിലുമായിരുന്നു. ദിവസവും ഒരുമിച്ചാണു പോയിവന്നിരുന്നത്. ഇർഫാനയെ ഡെന്റൽ ഡോക്ടറെ കാണിക്കാൻ ഉമ്മ ഫാരിസ പനയമ്പാടത്തു കാത്തുനിൽക്കുമെന്നു പറഞ്ഞിരുന്നു. ഇർഫാന ഉമ്മയെ കണ്ട നിമിഷത്തിലാണു ലോറി വന്നിടിച്ചത്. Read More: കേരളത്തിന്‍റെ തീരാനോവായി നാല് കുരുന്നുകള്‍; കബറടക്കം തുപ്പനാട് ജുമാ മസ്ജിദില്‍
ഹിന്ദി പരീക്ഷയെ പറ്റിയുള്ള ആശങ്ക പറഞ്ഞാണ് അവര്‍ അവർ സ്കൂളിൽനിന്നു തിരികെ നടന്നത്. ഇതിനിടെ നിദയുടെ നനഞ്ഞ കുട ബാഗിൽ വയ്ക്കാൻ ഇടമില്ലെന്നു പറഞ്ഞ് അജ്നയെ ഏൽപിച്ചു. ‘എങ്കിൽ നീ ഈ റൈറ്റിങ് ബോർഡ് കൂടി പിടിക്കെടീ’ എന്നായി റിദ. അജ്നയുടെ ഒരു പെൻസിൽ ബോക്സ് റിദയുടെ ബാഗിൽ ഉണ്ടായിരുന്നു. അതു വീട്ടിലെത്തിയിട്ടു തരാമെന്നു പറഞ്ഞു. പക്ഷേ, അപ്പോഴേക്കും 4 പേരെയും മരണം കവർന്നു. അജ്ന ദൂരേക്കു വീണതിനാൽ രക്ഷപ്പെട്ടു. സിമന്റ് ലോറി പൊടിപറത്തി മറിഞ്ഞുകിടക്കുന്നതാണു കണ്ടത്. നാട്ടുകാർ ഓടിക്കൂടുമ്പോൾ അജ്ന വിറച്ചുനിൽക്കുകയായിരുന്നു.