രത്തൻ ടാറ്റയുടെ ജീവിതത്തിലെ അറിയാക്കഥകള്‍ പങ്കുവെച്ച് അദ്ദേഹത്തിന്‍റെ ജീവചരിത്രക്കാരനും മുൻ പ്രതിരോധ സെക്രട്ടറിയുമായ ഡോ.തോമസ് മാത്യു. മലയാള മനോരമ ‘ടച്ചിങ് ടാറ്റ’ എന്ന പേരിൽ കൊച്ചിയിൽ ഒരുക്കിയ ചടങ്ങിലാണ് തോമസ് മാത്യു രത്തൻ ടാറ്റയെ കുറിച്ചും ‘രത്തൻ ടാറ്റ: എ ലൈഫ്’ എന്ന പുസ്തകത്തെക്കുറിച്ചും സംസാരിച്ചത്.
മാതാപിതാക്കളുടെ വേർപിരിയലിൽ വേദനിച്ച കുഞ്ഞു രത്തൻ...പൂവണിയാതെ പോയ നാലു പ്രണയങ്ങൾ... മുത്തശ്ശിയോടുള്ള അളവറ്റ സ്നേഹവായ്പ്...ടാറ്റ ഗ്രൂപ്പിന്‍റെ അത്ഭുത വളർച്ച...ഭീകരാക്രമണത്തിന് ഇരയായ താജ് ഹോട്ടൽ ജീവനക്കാരെ സ്വന്തം കുടുംബത്തെ പോലെ ശുശ്രൂഷിച്ചത്... അങ്ങനെയങ്ങനെ രത്തൻ ടാറ്റയുടെ ജീവിതത്തിലെ നിർണായകനിമിഷങ്ങൾ ഡോ. തോമസ് മാത്യു വിവരിച്ചു. ‘രത്തൻ ടാറ്റ: എ ലൈഫ്’ എന്ന ജീവചരിത്രത്തിന്‍റെ പുനർ വായനയും ചർച്ചയും പോലെ തോന്നി ഓരോ വിവരണങ്ങളും.
അങ്ങേയറ്റം എളിമയുള്ള, സഹജീവികളോട് കരുണയുള്ള രത്തൻ ടാറ്റയെ നേരിട്ടറിഞ്ഞതിൽ സന്തോഷം എന്നും ഡോ.തോമസ് മാത്യു. രത്തൻ ടാറ്റയെകുറിച്ച് പുസ്തകത്തിൽ പറയാത്ത ഒരുപാട് കാര്യങ്ങൾ ഇനിയും പറയാനുണ്ടെന്ന് തോമസ് മാത്യു കൂട്ടിച്ചേർത്തു. അതു മറ്റൊരു പുസ്തകമാക്കും. 140 മണിക്കൂർ ടാറ്റയോട് സംസാരിച്ചത് റെക്കോർഡ് ചെയ്തിട്ടുണ്ട്. 135 പേരെ അഭിമുഖം ചെയ്താണ് ‘രത്തൻ ടാറ്റ: എ ലൈഫ്’തയ്യാറാക്കിയത്.
മുൻ അംബാസഡർ ടി.പി.ശ്രീനിവാസൻ ചടങ്ങിൽ ആമുഖ പ്രഭാഷണം നടത്തി. ബുക്ക് ഓഫ് ദി ഈയർ എന്നു വിളിക്കപ്പെടാവുന്ന പുസ്തകമാണിതെന്ന് ശ്രീനിവാസൻ അഭിപ്രായപ്പെട്ടു. ടാറ്റയെക്കുറിച്ചും പുസ്തകത്തെക്കുറിച്ചും തോമസ് മാത്യുവിനോട് സംവദിക്കാനുള്ള അവസരവും കൊച്ചി പനമ്പള്ളി നഗറിൽ മലയാള മനോരമയുടെ സെമിനാർ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ഒരുക്കിയിരുന്നു. മലയാള മനോരമ മാനേജിങ് ഡയറക്ടർ ജേക്കബ് മാത്യു, തോമസ് മാത്യുവിനും ടി.പി.ശ്രീനിവാസനും ഉപഹാരം സമ്മാനിച്ചു.