TOPICS COVERED

2011 ലെ സെന്‍സസ് പ്രകാരം കേരളാ ജനസംഖ്യയുടെ 1.45 ശതമാനം മാത്രമാണ് ആദിവാസികളുള്ളത്. കൃത്യമായി പറഞ്ഞാല്‍ മൂന്നരക്കോടിക്കു മുകളില്‍ ജനസംഖ്യയുള്ള സംസ്ഥാനത്ത് 4,84,839 പേര്‍ മാത്രം. വയനാട്, ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലാണ് ഈ കണക്കില്‍ പെട്ട കൂടുതല്‍ പേരുമുള്ളത്. ഇതൊരു കണക്ക് മാത്രമാണ്. ബന്ധപ്പെട്ട വകുപ്പിന്‍റെ കൈകളില്‍ ലഭ്യമായ സ്വാഭാവിക കണക്ക് മാത്രം. കഴിഞ്ഞ കുറേ കാലങ്ങളായി കേരളത്തിലെ വിവിധ ആദിവാസി സംഘടനകള്‍ ഉന്നയിക്കുന്ന ഗുരുതരപ്രശ്നത്തിന്മേല്‍ പട്ടിക വര്‍ഗവകുപ്പിന് ഒരു കണക്കുമില്ല. 

സമീപകാലത്ത് ആദിവാസികള്‍ക്കിടയില്‍ ആത്മഹത്യ വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. മിക്ക ഊരുകളില്‍ നിന്നും എല്ലാ ദിവസവും ആത്മഹത്യാ വാര്‍ത്തകള്‍ കേള്‍ക്കാം. കൂടുതലും യുവാക്കളാണ് ആത്മഹത്യക്കിരയാവുന്നതെന്നും ബോധ്യമാകും. ആദിവാസി ജനസംഖ്യ കൂടുതലുള്ള വയനാട്ടില്‍ ആശങ്കപ്പെടുത്തും വിധം ആത്മഹത്യ വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ പട്ടികവര്‍ഗ വകുപ്പിന് വിഷയത്തില്‍ ഇതുവരെ അനങ്ങാനായിട്ടില്ല. ഓരോ ദിവസവും കണക്കിലെ വര്‍ധനവ് കണ്ടുനില്‍ക്കാനാണ് വകുപ്പിന്‍റെ ശ്രമം

Also Read; ‘കണക്കില്ലാതെ സര്‍ക്കാര്‍’; 2018 പ്രളയത്തിൽ കേടുപറ്റിയതും പരിഹരിച്ചതുമായ കെട്ടിടങ്ങള്‍ എത്ര?

കണക്ക് പോലും ശേഖരിച്ചില്ല!

'പത്തു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ ആത്മഹത്യ ചെയ്തവരുടെ എണ്ണമെത്ര.?' മാസങ്ങള്‍ക്ക് മുമ്പ് വിവരാവകാശത്തിലൂടെ പട്ടികവര്‍ഗ വകുപ്പിനോട് ഇങ്ങനെ ഒരു കാര്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വന്ന മറുപടിയാണ് അല്‍ഭുതപ്പെടുത്തിയത്. 'അങ്ങനെ ഒരു കണക്ക് തന്നെ ശേഖരിച്ചിട്ടില്ലെന്ന്'..! പിന്നെയും കിട്ടി മറുപടി. 'ആ കണക്ക് ഇവിടെ ലഭ്യമല്ല, കണക്കുകള്‍ ശേഖരിക്കാനായില്ല'..! അതായത് അഞ്ചുലക്ഷത്തില്‍ താഴേ മാത്രമുള്ള ഒരു ജനവിഭാഗത്തില്‍ നിന്ന്, 4762 ഊരുകളില്‍ നിന്ന് ആത്മഹത്യ ചെയ്തവരുടെ എണ്ണം ശേഖരിക്കാന്‍ പോലും വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഒരുക്കമല്ലെന്ന്.

ഊരുകളില്‍ ആത്മഹത്യ ചെയ്യുകയോ മരണപ്പെടുകയോ ചെയതാല്‍ ബന്ധപ്പെട്ട പ്രൊമോട്ടര്‍ വകുപ്പില്‍ വിവരമറിയിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ കാലങ്ങളായി അങ്ങനൊരു വ്യവസ്ഥപോലും പാലിക്കപ്പെട്ടില്ലെന്ന് വിവരാവകാശ മറുപടിയില്‍ വ്യക്തം. വകുപ്പ് മന്ത്രിമാര്‍ക്കും വിഷയത്തിലുള്ള താല്‍പര്യക്കുറവും ഈ നിസംഗതക്കു പിന്നിലുണ്ട്.

വൈത്തിരിയിലെ കണക്ക് കണ്ണുതള്ളിപ്പിക്കുന്നത്.!

ആത്മഹത്യാ കണക്കിനായി വീണ്ടും ഓടിയപ്പോള്‍ വയനാട് ജില്ലയില്‍ പെട്ട വൈത്തിരി താലൂക്കിലെ കണക്ക് മാത്രം ലഭ്യമായി. ആ കണക്കില്‍ തന്നെ ആദിവാസി സംഘടനകള്‍ പറഞ്ഞ ആശങ്കയില്‍ കൃത്യമായ വസ്തുതയുണ്ടെന്ന് ബോധ്യപ്പെട്ടു. വയനാട് ജില്ലയില്‍ മറ്റു താലൂക്കുകളെ അപേക്ഷിച്ച് ആദിവാസി ജനസംഖ്യ കുറവുള്ള വൈത്തിരിയില്‍ തന്നെ പത്തുവര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തവരുടെ എണ്ണം 172 (പുരഷന്മാര്‍ 137, സ്ത്രീ 35). ആത്മഹത്യ ചെയ്തവരില്‍ 90 ശതമാനവും യുവാക്കളാണെന്നതാണ് ആശങ്കപ്പെടുത്തുന്ന മറ്റൊരു കണക്ക്. 40 വയസിനു താഴേയുള്ള 73 പുരുഷന്മാരും 21 സ്ത്രീകളും ഈ കാലയളവില്‍ ജീവനൊടുക്കി. ഒരൊറ്റ താലൂക്കില്‍ മാത്രം ഇത്രയധികം ആത്മഹത്യകളെങ്കില്‍ പൂര്‍ണമായ കണക്കില്‍ നമ്മുടെയൊക്കെ കണ്ണുതള്ളുമെന്നുറപ്പ്

കാരണങ്ങള്‍ പലത്, ജനസംഖ്യയില്‍ കുത്തനെ ഇടിവ്!

ആത്മഹത്യ പാപമെന്ന് വിശ്വസിക്കുന്ന ആദിവാസികള്‍ക്കിടയില്‍ തന്നെ ആത്മഹത്യ വര്‍ധിക്കുന്നത് കൃത്യമായി പഠനവിധേയമാക്കേണ്ടതുണ്ട്. മദ്യപാനം, തൊഴിലില്ലായ്മ, മറ്റുള്ളവരില്‍ നിന്നുള്ള ചൂഷണം, ഭീഷണി, കാട്ടില്‍ നിന്നുള്ള വിഭവങ്ങള്‍ കുറഞ്ഞത്..അങ്ങനെ പല കാരണങ്ങളും ആത്മഹത്യകള്‍ക്കു പിന്നിലുണ്ട്. അവ കൃത്യമായി പഠിച്ച് പരിഹാരം കണ്ടെത്താനാണ് പട്ടിക വര്‍ഗ വകുപ്പില്‍ നിന്ന് ശ്രമം ഉണ്ടാവേണ്ടത്. എന്നാല്‍ നാളിതു വരെയായി കണക്ക് പോലും ശേഖരിക്കാതെ അനങ്ങാപാറയായി നില്‍ക്കുന്ന വകുപ്പില്‍ നിന്ന് അത്തരമൊരു നീക്കം ഉണ്ടാവുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.

ഇനിയെങ്കിലും മന്ത്രി ഇടപെടണം, പരിഹാരമാണ് വേണ്ടത്

ഓരോ വര്‍ഷവും ആദിവാസി ജനസംഖ്യയില്‍ കുറവ് വരുന്നുണ്ടെന്നാണ് ആശങ്കപ്പെടുത്തുന്ന വസ്തുത. പ്രത്യേകിച്ച് പണിയ ഗോത്ര വിഭാഗത്തില്‍. ഈ ആശങ്കയും പരാതിയും മുന്നിലിരിക്കേ പട്ടികവര്‍ഗ വകുപ്പില്‍ നിന്നും ബന്ധപ്പെട്ട മന്ത്രിയില്‍ നിന്നും ഇങ്ങനൊരു സമീപനമല്ല കേരളം പ്രതീക്ഷിക്കുന്നത്. ആദിവാസി വിഭാഗത്തില്‍ നിന്നു തന്നെയുള്ള മന്ത്രി കേളുവില്‍ നിന്നുകൂടിയാകുമ്പോള്‍ പ്രത്യേകിച്ചും.

ENGLISH SUMMARY:

The increasing suicide rates among tribals have raised serious concerns, but the Scheduled Tribes Department has failed to even collect the relevant data. Despite the rising numbers, the department has not taken any action to gather statistics, including the case of the suicide in Keluvan's Mananthavady, which also went unrecorded. This has sparked criticism about the lack of attention to this growing issue.