പാലക്കാട് പനയമ്പാടത്തെ വളവ് നഷ്ടപ്പെടുത്തിയത് ആരവിനും അമർനാഥിനും സ്വന്തം മാതാപിതാക്കളെയാണ്. അപകടം നടന്ന് മൂന്നര വർഷത്തിനുശേഷവും അവരുടെ മുറിവുകൾ ഉണങ്ങിയിട്ടില്ല.
മൂന്നര വർഷങ്ങൾക്ക് മുൻപ് ഈ പനിയം പാടത്ത് ഉണ്ടായ ഒരു അപകടത്തിൽ ബൈക്കിൽ മക്കൾക്കൊപ്പം സഞ്ചരിച്ചിരുന്ന ഭാര്യയും ഭർത്താവും മരിച്ചു. അന്ന് ദേശീയപാത നിർമ്മാണം പൂർത്തിയായിട്ടേ ഉള്ളൂ. 2021 ഏപ്രിൽ 14ന് ഒന്നര വയസ്സും അഞ്ചു വയസും ഉള്ള രണ്ടു മക്കളെയും കൂട്ടി നെന്മാറയിൽ നിന്ന് വിഷുവേല കാണാൻ നാട്ടിലേക്ക് വരുകയായിരുന്നു കാഞ്ഞിരം സ്വദേശി ധന്യയും ഭർത്താവ് രതീഷും. പനിയമ്പാടം വളവിൽ വെച്ച് ബൈക്കിൽ കാറിടിച്ചു.
Also Read; ഏറ്റെടുത്ത സ്ഥലത്ത് പൂക്കൃഷി; വട്ടിയൂര്‍ക്കാവ് വികസനം നാളെ നാളെ
വിഷു ആഘോഷങ്ങൾക്കിടയിൽ നാടിനെ ആകെ നടുക്കിയ വാർത്ത. പിന്നെ ധന്യയുടെയും രതീഷിനെയും കുടുംബത്തിൽ ഒന്നും പഴയതുപോലെയായില്ല. കുഞ്ഞുങ്ങൾ രണ്ടുപേരും ധന്യയുടെ വീട്ടിലാണ് . അന്നത്തെ ഒന്നര വയസ്സുകാരൻ എൽകെജി വിദ്യാർത്ഥിയായി. അമ്മയ്ക്കും അച്ഛനും എന്തു സംഭവിച്ചു എന്നുപോലും അവന് അറിയില്ല.
അഞ്ചുവയസ്സുകാരൻ വളർന്ന് മൂന്നാം ക്ലാസുകാരനായി. അവൻറെ ദു:സ്വപ്നങ്ങളിൽ ഇപ്പോഴും ആ അപകട വളവ് ഉണ്ടാകും. ഈ കുടുംബത്തിന് ഇപ്പോൾ ഒരു പ്രാർത്ഥനയേ ബാക്കിയുള്ളൂ. ഇനി ഇങ്ങനെയൊരു അപകടം ആവർത്തിക്കരുത്. അവിടെ ശരിയായ പരിഹാരം കാണാൻ അധികൃത തയ്യാറാവണം.