ഇന്ന് ഉദ്ഘാടനം ചെയ്ത എറണാകുളം മാർക്കറ്റ് സമുച്ചയത്തിന്‍റെ ചിത്രം ഫെയ്സ്ബുക്കില്‍ പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഈ സമുച്ചയം എറണാകുളം ജില്ലയുടെ വാണിജ്യ രംഗത്ത് ഒരു പുത്തന്‍ ചുവടുവയ്പ്പായി മാറുമെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇതോടൊപ്പം മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് സംവിധാനത്തിന്റെ നിര്‍മ്മാണോദ്ഘാടനവും ഇന്നു നടന്നു.
73 കോടി രൂപ ചെലവിൽ ആകെ 4 നിലകളിലായി രണ്ടു ലക്ഷത്തോളം ചതുരശ്ര അടിയിലാണ് മാര്‍ക്കറ്റ് കോംപ്ലക്സ് ഒരുക്കിയിരിക്കുന്നത്. ഇതിന്‍റെ 50 ശതമാനം ചെലവ് കേന്ദ്ര സര്‍ക്കാരും 50 ശതമാനം ചെലവ് സംസ്ഥാന സര്‍ക്കാരുമാണ് വഹിച്ചതെന്നും മുഖ്യമന്ത്രി കുറിച്ചു.
എഫ്ബി പോസ്റ്റിന്‍റെ പൂര്‍ണരൂപം
കേരളം വളരെ വേഗം നഗരവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന പ്രദേശമാണ്. സുസ്ഥിരതയും ശുചിത്വവും പ്രകൃതിസൗഹൃദവും ഉറപ്പു വരുത്തുന്ന മികച്ച ആസൂത്രണം നഗരവികസനത്തിന് അനിവാര്യമാണ്. അതിനാവശ്യമായ നയങ്ങളും പദ്ധതികളുമായാണ് സർക്കാർ മുന്നോട്ടു പോകുന്നത്. ആ ദിശയിലുള്ള മികച്ച ചുവടു വയ്പ്പാണ് ഇന്ന് ഉദ്ഘാടനം ചെയ്ത എറണാകുളം മാർക്കറ്റ് സമുച്ചയം. ഇതോടൊപ്പം മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് സംവിധാനത്തിന്റെ നിര്‍മ്മാണോദ്ഘാടനവും ഇന്നു നടന്നു.
പഴയ മാര്‍ക്കറ്റ് നിലനിന്നിരുന്ന 1.63 ഏക്കര്‍ സ്ഥലത്താണ് പുതിയ കോംപ്ലക്സ് ഒരുക്കിയിരിക്കുന്നത്. 2022 ൽ നിർമ്മണം ആരംഭിച്ച കെട്ടിടത്തിൽ 73 കോടി രൂപ ചെലവിൽ ആകെ 4 നിലകളിലായി രണ്ടു ലക്ഷത്തോളം ചതുരശ്ര അടിയിലാണ് മാര്‍ക്കറ്റ് കോംപ്ലക്സ് ഒരുക്കിയിരിക്കുന്നത്. മൂന്നു നിലകളിലായി 275 ഷോപ്പുകളും ഒരു നിലയില്‍ ഫുഡ് കോര്‍ട്ടിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 50 ശതമാനം ചെലവ് കേന്ദ്ര സര്‍ക്കാരും 50 ശതമാനം ചെലവ് സംസ്ഥാന സര്‍ക്കാരും വഹിച്ചു. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഈ സമുച്ചയം എറണാകുളം ജില്ലയുടെ വാണിജ്യ രംഗത്ത് ഒരു പുത്തന്‍ ചുവടുവയ്പ്പായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.