അഭിനേത്രിയും സാമൂഹ്യ പ്രവർത്തകയുമായ മാലാ പാർവതിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ രൂക്ഷമായ പ്രതികരണവുമായി  ഷെമീർ ടിപി. ' അമ്മ അടുക്കളയിൽ കയറിയിട്ടില്ല' എന്ന മാല പാര്‍വതിയുടെ വാക്കുകളെ ആധാരമാക്കി നടക്കുന്ന ആക്രമണത്തിലാണ് ചുട്ട മറുപടിയുമായി ഷെമീർ എത്തിയത്. ' വീഴുമ്പോഴെല്ലാം ഓടിയെത്തുന്ന കൂട്ടുകാരൻ'  എന്ന ക്യാപ്ഷനോടെ ഷെമീറിന്‍റെ പോസ്റ്റ് മാല പാര്‍വതി ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ്.  

ഡോ. കെ ലളിത എന്ന മാല പാര്‍വതിയുടെ അമ്മ മൂന്നു തലമുറകളിലെ ഒരുലക്ഷത്തോളം കുഞ്ഞുങ്ങളുടെ പിറവിയിൽ ഒപ്പം നിന്ന തലസ്ഥാനത്തെ പ്രമുഖ ഗൈനക്കോളജിസ്റ്റായിരുന്നുവെന്ന് ഷമീര്‍ കുറിച്ചു. 85 വയസ്സിൽ മരണപ്പെടുന്നത് വരെ കർമനിരതയായിരുന്ന രാജ്യത്തെ തന്നെ ഏറ്റവും ആദ്യത്തെ വനിതാ ഗൈനക്കോളജിസ്റ്റുകളിൽ ഒരാളാണ് അവര്‍. 1954 ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസിനു നാലാം റാങ്കോടെയാണ് ഡോക്ടർ ലളിത പാസ്സായത്. 

ഷെമീറിന്‍റെ എഫ്ബി പോസ്റ്റിന്‍റെ പൂര്‍ണരൂപം

'എന്റെ വീട്ടിൽ ഓർമ്മ വെച്ച നാൾ മുതൽ അമ്മ അടുക്കളയിൽ കയറിയിട്ടില്ല' എന്ന വളരെ സത്യസന്ധമായ ഒരു പ്രസ്താവന അഭിനേത്രിയും സാമൂഹ്യ പ്രവർത്തകയുമായ മാലാ പാർവതി ഒരു ഓൺലൈൻ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിൽ പറയുന്നു. ആ വാചകം മാത്രം തലവാചകമായി കൊടുത്ത് കേരളത്തിലെ സാമൂഹ്യദ്രോഹികൾക്ക് അവരുടെ അധിക്ഷേപങ്ങൾ കോരി ചൊരിയാനുള്ള അവസരമാക്കി കൊടുക്കുന്നു ഓൺലൈൻ മാധ്യമങ്ങൾ.

ചീത്ത വിളികളും തെറി വിളികളും അധിക്ഷേപങ്ങളുമായി എത്തുന്ന ഈ സാമൂഹ്യ ദ്രോഹികൾക്ക് മാലാ പാർവതിയുടെ അമ്മയെ കുറിച്ച് എന്തെങ്കിലും അറിയാമോ..?

ഡോ. കെ ലളിത എന്ന അവരുടെ അമ്മ മൂന്നു തലമുറകളിലെ ഒരുലക്ഷത്തോളം കുഞ്ഞുങ്ങളുടെ പിറവിയിൽ ഒപ്പം നിന്ന തലസ്ഥാനത്തെ പ്രമുഖ ഗൈനക്കോളജിസ്റ്റായിരുന്നു.85 വയസ്സിൽ മരണപ്പെടുന്നത് വരെ കർമനിരതയായിരുന്ന രാജ്യത്തെ തന്നെ ഏറ്റവും ആദ്യത്തെ വനിതാ ഗൈനക്കോളജിസ്റ്റുകളിൽ ഒരാൾ.

1954 ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസിനു നാലാം റാങ്കോടെയാണ് ഡോക്ടർ ലളിത പാസ്സായത്. പി ജിക്ക് ഗൈനക്കോളജിക്കാണ് ചേർന്നത്. അന്ന് ഗൈനക്കോളജിസ്റ്റുകൾ കുറവായിരുന്നു. ഇന്റേൺഷിപ്പ് കാലത്താണ് ആദ്യ പ്രസവം എടുക്കുന്നത്.

മൃദുഭാഷിയായ ഡോ. ലളിത മികച്ച അധ്യാപികയുമായിരുന്നു.പ്രമുഖരായ ഒട്ടേറെ ഡോക്ടർമാർ ലളിതക്ക് കീഴിൽ പഠിച്ചു.

ആദ്യം സംസ്ഥാന ഹെൽത്ത് സർവീസിലായിരുന്നു.1964 ലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിയത്. എസ് എ ടി സൂപ്രണ്ടും ഗൈനക്കോളജി വിഭാഗം മേധാവിയായും സേവനമനുഷ്ഠിച്ച് 1992 ലാണ് സർവ്വീസിൽ നിന്ന് വിരമിച്ചത്. അടുത്ത ദിവസം തന്നെ എസ് യു ടിയിൽ ജോലിയിൽ പ്രവേശിച്ചു. 

ഇവിടെ മരണം വരെ സേവനം തുടർന്നു. 

കൈ വിറയ്ക്കാത്തിടത്തോളം നിവർന്നുനിൽക്കാൻ പറ്റുന്നിടത്തോളം പ്രൊഫഷനിൽ തുടരണമെന്നാണ് ഡോ. ലളിത ആഗ്രഹിച്ചത്.

അഭിമുഖത്തിൽ മാലാ പാർവതി പറയുന്നുണ്ട്,

അമ്മ മക്കളോടായി പറഞ്ഞിരുന്ന ഒരു കാര്യം,

'അടുക്കള ജോലി എന്നത് സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമല്ല,ആ ബോധ്യം നിങ്ങൾക്കുണ്ടാവുമ്പോഴാണ് രണ്ടു മൂന്നു തലമുറയെങ്കിലും കഴിഞ്ഞു അത് പ്രാവർത്തികമാവൂ'എന്ന്..!

അധിക്ഷേപങ്ങൾ വിളിച്ചു വരുത്താൻ കഷ്ട്ടപ്പെടുന്ന ഓൺലൈൻ മാധ്യമങ്ങളും കൊള്ളാം,

സമ്പൂർണ്ണ സാക്ഷരതയിൽ അഭിമാനിക്കുന്ന 

ഒരു നാട്ടിലെ സംസ്ക്കാര നിരക്ഷരരും കൊള്ളാം...!!!

ENGLISH SUMMARY:

Shameer TP supports Maala Parvati