സഹകരണ ബാങ്കിനു മുന്നിൽ ആത്മഹത്യ ചെയ്ത സാബുവിന്റെ മൃതദേഹം സംസ്കരിച്ചു. വൈകിട്ട് കട്ടപ്പന സെന്റ്.ജോർജ് പള്ളി സെമിത്തേരിയിലാണ് അന്ത്യ ശുശ്രൂഷകൾ നടന്നത്. തന്റെ അക്കൗണ്ടിലുള്ള പണത്തിനായി പലതവണ സാബു ബാങ്കില്‍ കയറിയിറങ്ങിയിരുന്നുവെങ്കിലും ബാങ്ക് അധികൃതർ പണം നൽകിയിരുന്നില്ല. ചികിത്സയുടെ ആവശ്യത്തിനായുള്ള പണത്തിനായാണ് അദ്ദേഹം ബാങ്കിനെ സമീപിച്ചത്. രണ്ടുലക്ഷം ചോദിച്ചപ്പോള്‍ ബാങ്കില്‍നിന്ന് ആകെ നല്‍കിയത് 80,000 രൂപയാണെന്നാണ് ബന്ധുക്കളുടെ ആരോപണം.

സാബുവിനെ സിപിഎം കട്ടപ്പന മുന്‍ ഏരിയ സെക്രട്ടറി വി.ആര്‍.സജി ഭീഷണിപ്പെടുത്തുന്ന സന്ദേശവും ഇതിനിടെ പുറത്തുവന്നിരുന്നു. സാബുവിനെ ബാങ്ക് ഭരണസമിതി ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു നേരത്തെ ബന്ധുക്കൾ ആരോപിച്ചിരുന്നത്. ‘അടിമേടിക്കേണ്ട സമയം കഴിഞ്ഞെന്നും പണി മനസ്സിലാക്കി തരാമെന്നുമായിരുന്നു’ സജിയുടെ ഭീഷണി. സാബുവിന്റെ മരണത്തിൽ ബാങ്ക് ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. ആത്മഹത്യ കുറിപ്പിൽ പേരുള്ള ബാങ്ക് സെക്രട്ടറി റെജി, ജീവനക്കാരായ ബിനോയ്, സുജമോൾ എന്നിവരുടെ മൊഴികളാണ് ആദ്യഘട്ടത്തിൽ രേഖപ്പെടുത്തുക. 

ENGLISH SUMMARY:

Sabu's, a depositor who committed suicide after being denied access to his avings, funeral took place