palarivattam-fly-over

വെറും ഒന്നരവർഷം മുൻപ് പണിതീർത്ത കൊച്ചി പാലാരിവട്ടം മേൽപ്പാലത്തിൽ ആറിടത്ത് വിള്ളൽ കണ്ടെത്തി. യാത്രക്കാരുടെയും പാലത്തിന്റെയും സുരക്ഷ പരിഗണിച്ച് അടിയന്തിരമായി ഗതാഗതം നിയന്ത്രിക്കാൻ ശുപാർശ ചെയ്യുന്ന റിപ്പോർട്ട് മനോരമ ന്യൂസ് പുറത്തുവിടുന്നു. വിള്ളലുകൾ ഓരോന്നും ഗുരുതരമാണെന്നും നാൾക്കുനാൾ പാലത്തിന്റെ ബലക്ഷയം കൂടിവരികയാണെന്നും പരിശോധന നടത്തിയ സ്വകാര്യ ഏജൻസി മുന്നറിയിപ്പ്‌ നൽകുന്നു. 

2014ൽ തറക്കല്ലിട്ടു, 72 കോടി മുടക്കിൽ രണ്ടു വർഷം കൊണ്ട് നിർമാണം, നാടിന്റെ തിലകക്കുറി എന്നൊക്കെ കൊട്ടിഘോഷിച്ച് 2016 ഒക്ടോബറിൽ ഉദ്ഘാടനം. ഒരുമാസം തികയും മുൻപെ ടാറിളകി പൊളിഞ്ഞ് വാഹനങ്ങൾക്ക് കയറാൻ കഴിയാതെയായപ്പോൾ പലരും നെറ്റിചുളിച്ചു. അന്ന് വേഗത്തിൽ കുഴിയടച്ച് മുഖംമനുക്കിയെങ്കിലും കാര്യങ്ങൾ ഇനിയത്ര എളുപ്പമാകില്ല എന്ന് തന്നെയാണ് ഈ റിപ്പോർട്ട് നൽകുന്ന സൂചന. ഇക്കഴിഞ്ഞ 20ഉം 21മായി രണ്ടു ദിവസമെടുത്തായിരുന്നു പരിശോധന. 

പാലത്തിന്റെ പിയർ ക്യാപ് അഥവാ തൂണുകൾക്കു മുകളിലെ ഈ നിർമാണത്തിലാണ് വിള്ളൽ വീണിരിക്കുന്നത്. 10, 12 പിയർ ക്യാപുകളിൽ ഇത് നേരത്തെ തന്നെ കണ്ടെത്തിയിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. പുറമെ 1, 2, 3, 7 എന്നീ നാല് എണ്ണത്തിൽ കൂടിയാണ് ഇപ്പോൾ വിള്ളൽ കണ്ടെത്തിയത്. മുൻപ് കണ്ടതടക്കം ഒരോ വിളളലും വലുതാകുകയും വികസിക്കുകയുമാണ്. ഈ സാഹചര്യത്തിലാണ് അടിയന്തിര അറ്റകുറ്റപ്പണിക്കുള്ള ശുപാർശ. പാലത്തിലൂടെ ഭാരവാഹനങ്ങൾ കടന്നു പോകുന്നത് ഇനിയൊട്ടും വൈകാതെ നിരോധിക്കാനാണ് കൃത്യം ഒരാഴ്ച മുൻപ് നൽകിയ ഈ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നത്.