TAGS

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വീട് നിറയെ ബൊമ്മക്കൊലു ഒരുക്കി ഒരു കുടുംബം. കൊച്ചി പള്ളുരുത്തി ശ്രീറാം നിവാസിൽ രവി ആർ കമ്മത്തും  കുടുംബവുമാണ് രണ്ടായിരത്തിലധികം ബൊമ്മക്കൊലുകളുടെ അത്ഭുതലോകം തീർത്തത്. നിരവധിയാളുകളാണ് ബൊമ്മക്കൊലു കാണാനായി എത്തുന്നത്.

 15 വർഷത്തിലേറെയായി ബൊമ്മക്കൊലു ഒരുക്കുന്നുണ്ട്, ഈ കുടുംബം. ഓരോ തവണയും പുതിയ പ്രമേയത്തിൽ ആയിരിക്കും ബൊമ്മക്കൊലുവിന്റെ ക്രമീകരണം. പാവകളുടെ എണ്ണവും ഓരോ വർഷവും കൂടും. ഇത്തവണ കടലാസിൽ ഒരുക്കിയ പാവകളാണ്  ബൊമ്മക്കൊലുവിന്റെ പ്രധാന ആകർഷണം. രണ്ടാഴ്ച വേണ്ടിവന്നു  ബൊമ്മക്കൊലു പൂർത്തിയാക്കാൻ.

ക്രിക്കറ്റ് ലോകകപ്പ് നടക്കുന്നതിനാൽ, ക്രിക്കറ്റ് കളിക്കാരുമുണ്ട് പാവകളുടെ കൂട്ടത്തിൽ. രണ്ടായിരത്തോളം വരുന്ന പാവകൾക്ക് ഏകദേശം രണ്ടു ലക്ഷത്തിലധികം രൂപ വരും. അയോധ്യ, മധുര, തഞ്ചാവൂർ തുടങ്ങിയ ഇടങ്ങളിൽ നിന്ന് ശേഖരിച്ച ബൊമ്മക്കൊലുകളും ഉണ്ട്. നിത്യോപയോഗ വസ്തുക്കളാണ് വലിയ പാവകൾ ഉണ്ടാക്കാൻ ഉപയോഗിച്ചിരിക്കുന്നത്. വീട്ടിൽ ഉണ്ടാക്കിയ  പാവകൾക്ക് ചായം നൽകിയത്  ഏഴാം ക്ലാസിൽ പഠിക്കുന്ന മകൻ ശ്രീറാം ആണ്. ബൊമ്മക്കല്ലു കാണാനായി  വീട്ടിലേക്ക് ആളുകൾ എത്തുന്നതിന്റെ സന്തോഷത്തിലാണ് രവിയും കുടുംബവും.