തങ്ങളുടേതല്ലാത്ത പ്രശ്നങ്ങൾ കൊണ്ട് നെൽകൃഷി ഉപേക്ഷിക്കേണ്ട ഗതികേടിലാണ് ആലപ്പുഴ കൈനകരി മീനപ്പള്ളി പാടത്തെ ഒരു വിഭാഗം കർഷകർ. പാടശേഖരസമിതിയുടെയും കരാറുകാരന്റെയും അനാസ്ഥ കാരണം പമ്പിങ്ങ് കൃത്യമായി നടക്കാത്തതിനാൽ കൃഷി മുഴുവൻ നശിച്ചു. നിരവധി തവണ നേരിട്ടും രേഖാമൂലവും കൃഷിഭവനിലും പുഞ്ച സ്പെഷൽ ഓഫീസിലും പരാതി പറഞ്ഞിട്ടും ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കിയില്ല.

കൃഷിനശിച്ചത് പല തവണ കൃഷിഭവനിൽ അറിയിച്ചിട്ടും തിരിഞ്ഞു നോക്കാത്തതിലുള്ള കർഷകന്റെ വേദനയാണിത്. ആലപ്പുഴ കൈനകരി മീനപ്പള്ളി പാടശേഖരത്തിലെ കർഷകരിൽ ഒരാളായ റെൻസ് ചാക്കോയാണ് ഇനി ആത്മഹത്യ ചെയ്യണോ എന്ന് കൃഷി ഓഫീസറോട് ചോദിക്കുന്നത്. മീനപ്പള്ളി പാടത്തെ ഒരു വിഭാഗം കർഷകർക്ക് രണ്ട് സീസണിൽ  കൃഷി നശിച്ചു. പമ്പിങ്ങ് കൃത്യമായി നടത്തി വെള്ളം വറ്റിക്കാത്തതാണ് കാരണം. പാടശേഖര സമിതി, പമ്പിങ്ങ് കോൺട്രാക്ടർ എന്നിവരുടെ അനാസ്ഥയാണ് ഇതിനു പിന്നിൽ.

പുഞ്ച സ്പെഷൽ ഓഫീസ്, കൃഷി ഭവൻ എന്നിവിടങ്ങളിൽ നേരിട്ടും അല്ലാതെയും മാസങ്ങൾക്ക് മുൻപു തന്നെ കർഷകർ പരാതിയുമായെത്തി. ഒരു ഫലവുമുണ്ടായില്ല.

ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്. ഇത്തവണയും വിത്ത് വിതച്ചു , ഒരു മാസത്തിലധികം പ്രായമായ നെൽ ചെടികളാണ് നശിച്ചത്. നല്ല മോട്ടർ വച്ച് പമ്പിങ്ങ് നടത്താത്തതാണ് മീനപ്പള്ളി പാടത്തിന്റെ പടിഞ്ഞാറ്  ഭാഗത്ത് വെള്ളംകയറി കൃഷി നശിക്കാൻ കാരണം. വലിയ കടക്കെണിയിലാണ് ഈ പാടത്തെ ഒരു വിഭാഗം കർഷകർ. 5 വർഷമായി കൃഷി ചെയ്യാതിരുന്ന പാടത്ത് രണ്ടു വർഷമായി നെൽകൃഷി നടക്കുന്നുണ്ട്.

Pumping issue; Farmers of Kainakary are in distress