ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതി മാർഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് തുടക്കം. ആനകളെ രണ്ടു നിരയാക്കി നിർത്തിയാണ് ശീവേലിക്ക് എഴുന്നള്ളിച്ചത്. ഇന്ന് വൈകീട്ട് ഏഴരയ്ക്കാണ് എട്ടു ദിവസം നീണ്ടുനിൽക്കുന്ന വൃശ്ചികോത്സവത്തിന് കൊടിയേറുക.
രാവിലെ 7 മണിക്ക് മുൻപ് തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ക്ഷേത്രമതിൽക്കെട്ടിനകത്ത് ആനകൾക്ക് നിൽക്കാനുള്ള സ്ഥലങ്ങൾ അടയാളപ്പെടുത്തിയിരുന്നു. എട്ടരയോടെ ആനകളെ നിർത്തിയും അകലം അളന്ന് അടയാളപ്പെടുത്തി. കഴിഞ്ഞ വർഷം വരെ പതിനഞ്ചാനകളെ നിർത്തിയിരുന്നത് ആനപ്പന്തലിലാണ്. ഇത്തവണ അത് ആറാക്കി കുറച്ചു. ഒപ്പം ആനപ്പന്തലിന് പുറത്ത് തിടമ്പേറ്റിയ പഴയന്നൂർ ശ്രീരാമൻ ഉൾപ്പെടെ ഒമ്പതാനകളെ കൂടി നിരത്തി പഞ്ചാരിയുടെ അകമ്പടിയിൽ ശീവേലി നടന്നു.
എഴുന്നള്ളിപ്പ് തെക്കേ നടയിലെത്തിയപ്പോൾ പതിനഞ്ചാനകളെയും നിരത്തിനിർത്തി. ഇനിയുള്ള ദിവസങ്ങളിലും ഹൈക്കോടതി മാർഗ നിർദേശങ്ങൾ പാലിച്ച് പതിനഞ്ചാനകളെ തന്നെ എഴുന്നള്ളിക്കുമെന്ന് ഉത്സവാഘോഷ ഭാരവാഹികൾ പറഞ്ഞു. വൈകിട്ട് ഏഴരയ്ക്കാണ് വൃശ്ചികോത്സവത്തിന് കൊടിയേറുക.