തത്ത മുതൽ കാട്ടാന വരെയുള്ളവ കൃഷി നശിപ്പിക്കുന്നതിന്‍റെ ദുരിതത്തിലാണ് ഇടുക്കിയിലെ ഏലം കർഷകർ. കഴിഞ്ഞ മൂന്നുവർഷത്തിനിടെ മുപ്പത്തിമൂവായിരം ഹെക്ടറിലധികം കൃഷിയാണ് വന്യമൃഗങ്ങൾ നശിപ്പിച്ചത്. ഇതോടെ കർഷകർക്കുണ്ടായത് ലക്ഷങ്ങളുടെ നഷ്ടം.
കുരങ്ങ്, പന്നി, കാട്ടുപോത്ത്, കാട്ടാന തുടങ്ങിയ വന്യമൃഗങ്ങൾ കൂടാതെ ഇത്തവണ ഏലം കൃഷി നശിപ്പിക്കാൻ തത്തകളും എത്തിയതിന്റെ ആശങ്കയിലാണ് ഹൈറേഞ്ചിലെ കർഷകർ. കൃഷിവകുപ്പിന്റെ കണക്ക് പ്രകാരം 200 ഹെക്ടർ സ്ഥലത്ത് തത്തകളുടെ ആക്രമണമുണ്ടായി. നഷ്ടപരിഹാരം കണക്കാക്കിയിട്ടും നയാ പൈസ കിട്ടിയില്ലന്നാണ് കർഷകർ പറയുന്നത്
വന്യമൃഗങ്ങളുടെ ആക്രമണം തടയാൻ പലതവണ പല പദ്ധതികളും സർക്കാർ നടപ്പാക്കിയെങ്കിലും അതെല്ലാം പരാജയപ്പെട്ടതോടെ ഗതികേടിലായവർ ഒടുവിൽ സ്വന്തം വഴി തേടി. വന്യമൃഗങ്ങളെ തടയാൻ കഴിഞ്ഞില്ലെങ്കിലും അവയുണ്ടാക്കുന്ന കൃഷിനാശത്തിന് അനുസൃതമായി നഷ്ടപരിഹാരം നൽകനെങ്കിലും സർക്കാർ തയ്യാറാകണമെന്നാണ് കർഷകരുടെ ആവശ്യം.