കോഴിക്കോട് ഫറോക്കിലെ രണ്ടായിരത്തോളം  കുടുംബങ്ങള്‍ക്ക് കുടിവെള്ളം മുടങ്ങിയിട്ട് രണ്ടാഴ്ച. ഇപ്പോള്‍  വീട്ടാവശ്യങ്ങള്‍ക്കടക്കം ഉപയോഗിക്കുന്ന  വെള്ളം  മലിനമാണ്.  വിഷയത്തില്‍  മനുഷ്യാവകാശ കമ്മീഷന്‍  വിശദീകരണം  തേടി  മുനിസിപ്പല്‍ സെക്രട്ടറിയ്ക്ക് നോട്ടീസയച്ചു. പക്ഷേ അധികൃതര്‍ അനങ്ങാപ്പാറ നയത്തിലാണ്.  

പമ്പുഹൗസിലെ തകരാറാണ് വെള്ളം മുടങ്ങാന്‍ കാരണമെന്ന് പറയുന്നുണ്ടെങ്കിലും  സൗജന്യ ജലവിതരണം നിര്‍ത്തിയെന്ന സൂചനയാണ് നഗരസഭ  നല്‍കുന്നത്.കഴി​ഞ്ഞ 54 വര്‍ഷമായി ഇവിടെ സൗജന്യമായി വെളളം ലഭിച്ചിരുന്നു. ഇനി ജലവിതരണം പുനരാരംഭിക്കണമെങ്കില്‍ ഗുണഭോക്താക്കളായ ഓരോ കുടുംബവും മാസം അന്‍പതു രൂപ നല്‍കണമെന്നാണ് നഗരസഭ അറിയിച്ചിരിക്കുന്നത്. നഗരസഭയുടെ ഫണ്ട് ഈ പദ്ധതിക്കായി ഉപയോഗിക്കാനുള്ള സർക്കാർ അനുമതി ഇല്ലെന്നാണ് ചെയർമാൻ എൻ സി അബ്ദുൽ റസാഖ് പറയുന്നത്.

Also Read: കുഴിയെടുക്കല്‍ കാരണം കുടിവെള്ളം മുട്ടി കോഴിക്കോട്

ഫറോക്ക് നഗരസഭയിലെ 11 വാര്‍ഡുകളിലാണ് കുടിവെള്ളം മുട്ടിയത്. 7 കോളനികൾ അടക്കമുള്ള ഇവിടെ  കുടിവെള്ളത്തിനായി ഇപ്പോള്‍   കിലോമീറ്ററുകളോളം നടക്കണം.  ചെറിയ തകാറുണ്ടായപ്പോഴെല്ലാം പമ്പ് ഓപ്പറേറ്റര്‍  ഹരിദാസ് കൃത്യമായി വെള്ളമെത്തിക്കാന്‍ നടപടി സ്വീകരിച്ചിരുന്നു . എന്നാല്‍ ഇപ്പോള്‍ വൈദ്യുതി തകരാര്‍ സംഭവിച്ചതോടെ  വിഷയങ്ങള്‍ ഹരിദാസിന്‍റെ പരിധിക്കുമപ്പുറമായി.

ENGLISH SUMMARY:

About two thousand families in Farokh have not received drinking water for over two weeks