കരാറുകാരൻ വീടു പണി പാതിവഴിയിലുപേക്ഷിച്ചതോടെ ഏഴുവർഷമായി പ്ലാസ്റ്റിക് കൂരക്കുള്ളിലാണ് അനാഥരായ മൂന്നു ആദിവാസി സഹോദരങ്ങളുടെ വാസം. നാലു ലക്ഷം രൂപ വീടിന് ലഭിച്ചെങ്കിലും നാലടി നീളമുള്ള കൂരയിലാണ് ദുരിതം പേറി വയനാട് നമ്പ്യാർക്കുന്ന് നറമാട് ഊരിലെ സഹോദരങ്ങൾ കാലങ്ങളായി കഴിയുന്നത്...
നാലടി നീളം മാത്രമുള്ള ടാർപായ മേഞ്ഞ കൂര, തലകുനിച്ചല്ലാതെ നിൽക്കാനാവില്ല. നമ്പ്യാർക്കുന്ന് നറമാട് ഊരിലെ വിഷ്ണുവും ശൈലയും രവിയും ഉറങ്ങുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം ഈ കൂരയിലാണ്. വർഷങ്ങൾക്ക് മുമ്പ് അഛൻ വെള്ളയും കഴിഞ്ഞ വർഷം അമ്മ മാളുവും മരിച്ചു. അനാഥരായ മൂവരും കഴിഞ്ഞ ഏഴു വർഷമായി വെയിലും മഴയുമേറ്റ് ഇവിടെയാണ് അന്തിയുറങ്ങുന്നത്
2017 ൽ കുടുംബത്തിന് വീട് നിർമാണത്തിനുള്ള തുക അനുവദിച്ചതാണ്. പണി തുടങ്ങിയെങ്കിലും കരാറുകാരൻ വഞ്ചിച്ചതോടെ പാതിവഴിയിൽ നിലച്ചു. മറ്റൊരു കരാറുകാരനെ ഏൽപിച്ചെങ്കിലും കാര്യമുണ്ടായില്ല. പണി തീരാത്ത വീടിനെ നോക്കി പൊളിഞ്ഞ വീഴാറായ കൂരയിൽ കഴിയുകയാണ് മൂവരും. കൂരക്കു തൊട്ട് സമീപം ഭീഷണിയായി എപ്പോൾ വേണമെങ്കിലും വീഴാറായ മരങ്ങളുമുണ്ട്. ഏത് സമയവും അപകടം പ്രതീക്ഷിച്ചുള്ള ജീവിതം. സംഭവത്തിൽ നാട്ടുകാർ സ്ഥലം എം എൽ എക്കും മന്ത്രിക്കും പരാതി നൽകിയതാണ്. പരിഹാരമായില്ല