തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബജറ്റ് അവതരണം ബഹളത്തില്‍ മുങ്ങി. ബജറ്റ് രാഷ്ട്രീയവത്കരിച്ചുവെന്ന് ആരോപിച്ച് ബിജെപി അംഗങ്ങള്‍ ഇറങ്ങിപ്പോയി. വെള്ളപ്പൊക്ക ലഘൂകരണ പദ്ധതിക്കായി രണ്ടരക്കോടി രൂപ ബജറ്റില്‍ വകയിരുത്തി. തുക അപര്യാപ്തമാണെന്നും വെള്ളക്കെട്ട് പരിഹാരിക്കാന്‍ ഒരു നടപടിയും ബജറ്റിലില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
ആദ്യം ഇറങ്ങിപ്പോയി. പിന്നെ തിരിച്ചുവന്ന് പ്രതിഷേധം തുടര്‍ന്നു. ഡെപ്യൂട്ടി മേയര്‍ ബജറ്റ് നിര്‍ദേശങ്ങള്‍ വായിച്ചു തുടങ്ങിയതോടെ അവസാനിച്ചു. പോയ വര്‍ഷം രണ്ട് മിന്നല്‍ പ്രളയങ്ങള്‍ കണ്ട നഗരത്തിന് വെള്ളപ്പൊക്കം നേരിടാന്‍ വലിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ചു. പക്ഷെ വകയിരുത്തിയത് രണ്ടരക്കോടി രൂപ മാത്രം. ഇതില്‍ ഭൂരിഭാഗവും ഫ്ലഡ് മിറ്റിഗേഷന്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യറാക്കാന്‍ റൂര്‍ക്കി ഐ.ഐ.ടിക്ക് പോകും. ദുരന്ത നിവാരണത്തിന് ആകെ ഒമ്പത് കോടിയുടെ പാക്കേജ്.
നാല്‍പത് റോഡുകള്‍ സ്മാര്‍ട്ട് ആക്കും. പുതിയ 100 റോഡുകള്‍ പണിയും. ഇവയുള്‍പ്പെടേ അടിസ്ഥാന സൗകര്യ വികസനത്തിന് 327 കോടി രൂപ. അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും വീട് നിര്‍മച്ച് നല്‍കാന്‍ 218 കോടി. പുതുതായി നിര്‍മിക്കുന്ന വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ജൈവ മാലിന്യ നിര്‍മാര്‍ജജന സംവിധാനം നിര്‍ബന്ധമാക്കും. മാലിന്യ സംസ്കരണത്തിന് ആകെ അമ്പത് കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.