2018ലെ പ്രളയത്തില്‍ നദികളില്‍ അടിഞ്ഞ മണലും ചെളിയും നീക്കാനുള്ള നടപടികള്‍ എങ്ങുമെത്തിയില്ല. നിലവില്‍ പമ്പയിലടക്കം ചെളി നിറഞ്ഞ് കിടക്കുന്നത് പ്രളയഭീതി കൂട്ടുന്നു എന്നാണ് നാട്ടുകാരുടെ പരാതി. പള്ളിയോട സേവാസംഘം നല്‍കിയ പരാതികളിലും നടപടി ഉണ്ടാകുന്നില്ല എന്നാണ് ആരോപണം.
വര്‍ഷാ വര്‍ഷം പമ്പയിലെ അടക്കം മണല്‍പ്പുറ്റും ചെളിയും വാരി മാറ്റാറുണ്ടെങ്കിലും അത് തന്നെ വീണ്ടും നദിയില്‍ നിറയുന്ന സാഹചര്യമാണ്. ഇക്കുറി അതും ഉണ്ടായില്ല. മണ്ണും എക്കലും നീക്കാനുള്ള റൂം ഫോര്‍ റിവര്‍ പദ്ധതിയെങ്കിലും ഗുണം ചെയ്യുമെന്ന് കരുതിയെങ്കിലും അത് എങ്ങുമെത്തിയില്ല. മുന്‍പ് ലേലത്തുക കുറവായത് കാരണം മണലെടുക്കാനുള്ള ശ്രമം പാളിയിരുന്നു. മഴ കനത്തതോടെ നാട്ടുകാര്‍ക്ക് ആശങ്കയുണ്ട്. 2018ല്‍ പമ്പ കരകവിഞ്ഞൊഴുകിയ റാന്നി ആറന്‍മുള മേഖലയിലുള്ളവര്‍ ഭയപ്പാടിലാണ്. പള്ളിയോടങ്ങളുമായി ബന്ധപ്പെട്ടവര്‍ക്കും ആശങ്കയുണ്ട്.
പമ്പാ നദിയില്‍ എവിടെനിന്നൊക്ക മണല്‍ വാരണമെന്ന് പരിശോധന നടക്കുന്നതിനിടെയാണ് വേനല്‍ മഴ കനത്തത് . അതോടെ പരിശോധന നിലച്ചു. ആദ്യഘട്ടത്തില്‍ പലയിടത്തും വാരിയിട്ട മണല്‍ തിരികെ നദിയിലേക്ക് തന്നെ ഒഴുകിയിറങ്ങി. പമ്പയില്‍ ആറന്‍മുള വള്ളംകളി നടക്കുമ്പോഴാണ് എന്തെങ്കിലും പണി നടത്തുന്നത് എന്നും നാട്ടുകാര്‍ പറയുന്നു. മണിമല, അച്ചന്‍കോവിലാറുകളിലെയും സ്ഥിതി സമാനമാണ്.