TOPICS COVERED

കുട്ടനാട്ടിൽ പുഞ്ചകൃഷിക്ക് കർഷകർക്ക് ക്യഷി വകുപ്പ് നൽകിയ നെൽ വിത്ത് മുളച്ചില്ല.  സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് വിലകൊടുത്ത് വിത്തു വാങ്ങേണ്ടി വന്നതോടെ കർഷകർക്ക് അധിക സാമ്പത്തിക ബാധ്യതയായി. തകഴി കൃഷി ഭവനിൽ നിന്ന് പാടശേഖരങ്ങൾക്ക് നൽകിയത് ഉപയോഗശൂന്യമായ വിത്താണെന്നാണ് കർഷകരുടെ പരാതി. 

തകഴി കൃഷി ഭവനു കീഴിലെ വേഴപ്രം കിഴക്ക് പാടശേഖരത്തിലെ കർഷകർക്ക് വിതക്കാനായി ഉമ എന്ന ഇനം വിത്ത് നൽകിയിരുന്നു. 50 ഏക്കറുള്ള ഇവിടെ കൂടുതലും പാട്ടക്കൃഷിക്കാരാണ്. കഴിഞ്ഞ ദിവസം വിതക്കാനായെടുത്തപ്പോഴാണ് വിത്ത് മുളച്ചിട്ടില്ലെന്നറിഞ്ഞത്. വിത്തിൽ നിറയെ കീടങ്ങളും പൊടിയുമായിരുന്നു. ഒരേക്കറിന് 40 കിലോ വിത്താണ് കർഷകർക്ക് കൃഷിവകുപ്പ് സൗജന്യമായി നൽകുന്നത്. ഇത് തികയാത്ത തിനാൽ 10 കിലോവിത്ത് കൂടി വിലക്ക് വാങ്ങിയാണ് കൃഷി ചെയ്യുന്നത്. ഇത്തവണ എല്ലാ കർഷകർക്കും മുളക്കാത്ത വിത്താണ് ലഭിച്ചത്.6 ഏക്കറുള്ള പാട്ടകൃഷിക്കാരനായ സാൻ്റോ ജോസഫിന് 13 ചാക്ക് വിത്താണ് ലഭിച്ചത്.ഇതിൽ 10 ചാക്കുകളിലെയും വിത്ത് ഉപയോഗശൂന്യമായി. തുടർന്ന് കിലോക്ക് 43 രൂപ നിരക്കിൽ സ്വകാര്യ വ്യക്തികളിൽ നിന്ന് വിത്ത് വിലക്ക് വാങ്ങുകയായിരുന്നു കർഷകർ 

ഒരാഴ്ച മുൻപ് പുഞ്ചകൃഷി ആരംഭിക്കേണ്ടതായിരുന്നു. വിത്ത് മുളക്കാതിരുന്നതിനാൽ ഇത്തവണ കൃഷി വൈകി.കൃഷി ഭവനിൽ നിന്ന് നൽകിയ വിത്ത് ഇനി തിരിച്ചെടുക്കില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.പുറത്തു നിന്ന് വില കൊടുത്തു വാങ്ങിയ വിത്തിൻ്റെ പണവും സർക്കാർ കർഷകർക്ക് നൽകാൻ സാധ്യതയില്ല. അധിക സാമ്പത്തിക ബാധ്യത സർക്കാർ നൽകണമെന്നാണ് കർഷകരുടെ ആവശ്യം. 

Paddy seeds provided by the Kyashi Department did not germinate; Farmers protest: