ബാലാവകാശകമ്മിഷൻ നിയമനങ്ങളിൽ പ്രതിഷേധവുമായി സി.പി.ഐ. ആദ്യഘട്ടത്തിൽ പാർട്ടി നിർദേശിച്ചവരെ അഭിമുഖത്തിനുപോലും ക്ഷണിക്കാതിരുന്നതാണ് സി.പി.ഐ പ്രകോപിപ്പിച്ചത്. പുതിയ ഒഴിവുകളിൽ സി.പി.ഐ നിർദേശിക്കുന്നവരെ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സി.പി.ഐ കത്തുനൽകി.
വയനാട് സ്വദേശി കെ.ദിലീപ് കുമാർ, കൊല്ലം സ്വദേശിനി ബീനാ റാണി എന്നിവരെ ബാലാവകാശ കമ്മിഷനിൽ നിയമിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ കത്തു നൽകിയിരുന്നു. എന്നാൽ ഇരുവരേയും അഭിമുഖത്തിനുപോലും ക്ഷണിക്കാൻ ആരോഗ്യ സാമൂഹ്യക്ഷേമ വകുപ്പ് തയാറായില്ല. ഇതിൽ സി.പി.ഐക്കുള്ളിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. പിന്നീട് സി.പി.എം നിയമിച്ചവരെ ഹൈക്കോടതി ഇടപെട്ട് പുറത്താക്കുകയും ചെയ്തു. ഇതോടെയാണ് വീണ്ടുമൊരു കത്തുമായി സി.പി.ഐ,, സി.പി.എം നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. കമ്മിഷൻ നിയമനത്തിൽ മന്ത്രി കെ.കെ.ശൈലജ സ്വീകരിച്ച നിലപാട് പ്രതിഷേധാർഹമാണെന്ന് കത്തിൽ പറയുന്നു. നിലവിലുള്ള ഒഴിവുകളിൽ സി.പി.ഐ പ്രതിനിധികളെ പരിഗണിക്കണമെന്നാതാണ് പ്രധാന ആവശ്യം. മന്ത്രിക്കുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടി പ്രതിപക്ഷം ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് സി.പി.ഐയുടെ നീക്കം. നിയമനങ്ങൾ യോഗ്യതയുടെ അടിസ്ഥാനത്തിലായിരുന്നുവെന്ന സി.പി.എം വാദത്തേയും ചോദ്യം ചെയ്യുന്നതാണ് സി.പി.ഐ സ്വീകരിച്ചിരിക്കുന്ന നിലപാട്.
അതേസമയം, സി.പി.ഐ നേതാക്കള്‍ തന്റെയും നേതാക്കളെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. എല്ലാ വിഷയത്തിലും പിന്തുണ നല്‍കുന്ന സി.പി.ഐ നേതാക്കള്‍ തനിക്കെതിരെ കത്തുനല്‍കുമെന്ന് കരുതുന്നില്ലെന്നും ആരോഗ്യമന്ത്രി മലപ്പുറത്തു പറഞ്ഞു.