ചികിൽസ നിഷേധിക്കപ്പെട്ട് തമിഴ്നാട് സ്വദേശി മുരുകൻ മരിച്ചതിനേത്തുടർന്ന് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ അടിയന്തര ചികിൽസാ സംവിധാനങ്ങളിലെ അപാകതകൾ വിലയിരുത്താൻ ഇന്ന് ഉന്നതതല യോഗം ചേരും. ആരോഗ്യ വകുപ്പ്് സെക്രട്ടറിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് യോഗം. അപകടത്തിൽപ്പെടുന്നവർക്ക് അടിയന്തരചികിൽസ ലഭ്യമാക്കേണ്ടത് സ്വകാര്യ ആശുപത്രികളുടെ ഉത്തരവാദിത്തമാക്കി മാറ്റുന്ന ഉത്തരവ് കർശനമായി നടപ്പാക്കാനും സർക്കാർ തീരുമാനിച്ചു.
തമിഴ്നാട് സ്വദേശി മുരുകന്‍ ചികില്‍സ കിട്ടാതെ മരിച്ച സംഭവത്തിൽ ഗുരുതരാവസ്ഥയിലുള്ള രോഗിയെ എത്തിക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പാലിച്ചില്ലെന്ന് ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അടിയന്തര ചികിൽസ ആവശ്യമുള്ള സന്ദർഭങ്ങളിൽ പാലിക്കേണ്ട പൊതുമാർരേഖയുടെ അഭാവം സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലുണ്ടെന്ന വിലയിരുത്തലിനേത്തുടർന്നാണ് ഉന്നതതല യോഗം ചേരുന്നത്. ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്റെ അധ്യക്ഷതയിലാണ് യോഗം.
അതേസമയം അപകടത്തിൽപ്പെടുന്നവർക്ക് അടിയന്തരചികിൽസ ലഭ്യമാക്കേണ്ടത് സ്വകാര്യ ആശുപത്രികളുടെ ഉത്തരവാദിത്തമാക്കി 2015ൽ ഉത്തരവിറക്കിയിരുന്നു. ഇത് കർശനമാക്കാനും സർക്കാർ തീരുമാനിച്ചു. നിയമ, സാമ്പത്തിക പ്രശ്നങ്ങൾ ജീവൻ രക്ഷിക്കുന്നതിനു തടസമാകരുത്. ചികിൽസ നിഷേധിക്കുന്ന ആശുപത്രികൾക്കെതിരെ നടപടിയെടുക്കാനും ആരോഗ്യമന്ത്രി നിർദ്ദേശം നല്കിയിട്ടുണ്ട്.