ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് പി ഉബൈദിനെതിരെ ചാലക്കുടിയിൽ കൊലചെയ്യപ്പെട്ട രാജീവിന്റെ അമ്മ രാജമ്മ സുപ്രീംകോടതി ചീഫ് ജസ്റ്റീസിന് പരാതി നൽകി. കേസിൽ പ്രതിയായ അഡ്വക്കറ്റ് സിപി ഉദയഭാനുവിന്റെ മുൻകൂർ ജാമ്യഹർജിയിലെ ഹൈക്കോടതി ഇടക്കാല ഉത്തരവ് അന്വേഷണം തന്നെ സ്തംഭിക്കാൻ കാരണമായെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. മുൻകൂർജാമ്യ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റീസ് പി ഉബൈദ് ഇന്നലെ പിൻമാറി.
അഡ്വക്കറ്റ് സിപി ഉദയഭാനുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ജസ്റ്റീസ് പി ഉബൈദ് പുറപ്പെടുവിച്ച ഇടക്കല ഉത്തരവ് കേസുതന്നെ അട്ടിമറിച്ചെന്നാണ് രാജീവിന്റെ അമ്മ രാജമ്മയുടെ പരാതിയിൽ പറയുന്നത്. കേസന്വഷണം തുടങ്ങിയ ഘട്ടത്തിൽ തന്നെ ഗൂഢാലോനയിൽ ഉദയഭാനുവിന്റെ പങ്ക് വ്യക്തമായതാണ്. തന്റെ മകന് ഉദയഭാനുവുമായി വസ്തു ഇടപാട് ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചില സാമ്പത്തിക തർക്കങ്ങളുമുണ്ട്.ഇതിന് തുടർച്ചയായി ഉദയഭാനുവിൽ നിന്നും അദ്ദേഹത്തിന്റെ പരാതിയിൽ പൊലീസിൽ നിന്നും തന്റെ മകന് ഭീഷണിയുണ്ടായിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ രാജീവിന് അനുകൂലമായി വിധിയുണ്ടായി.
മാത്രമല്ല പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് രാജീവും താനും കുടുംബവും സമർപ്പിച്ച ഹർജിയിൽ ഉചതിമായ നടപടി കൈക്കൊള്ളാൻ പൊലീസിനും കോടതി നിർദേശം നൽകിയിരുന്നു. ഇതിനിടെയാണ് രാജീവ് കൊല്ലപ്പെട്ടത്. കേസിൽ നാലുപ്രതികളെ അറസ്റ്റ് ചെയ്ത പൊലീസ് തെളിവുകൾ ശേഖരിച്ചുവരുന്ന ഘട്ടത്തിലാണ് ഉദയഭാനു മുൻകൂർ ജാമ്യം സമർപ്പിച്ചത്. ഹർജി പരിഗണിച്ച ഹൈക്കോടതി മുൻകൂർ ജാമ്യം തീർപ്പാകും വരെ അറസ്റ്റ് തടയുകയും ഉദയഭാനുവിനെതിരെ അന്വേഷണം പാടില്ലെന്ന് നിർദേശക്കുകയും ചെയ്തു.
ഇതോടെ കേസന്വേഷണവും നിലച്ചെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ സമയംകൊണ്ട് അഭിഭാഷകൻ വിലപ്പെട്ട ഒട്ടേറ െതളിവുകൾ നശിപ്പിക്കുകയും സാക്ഷികളെ സ്വാധീനിക്കുകയും ചെയ്തു. ഒട്ടേറെ േകസുകളിൽ സ്പെഷൽ പ്രോസിക്യൂട്ടറായിരുന്ന ഉദയഭാനു ഉന്നത രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തമായാണെന്നും പരാതിൽ പറയുന്നു. അന്വേഷണം തുടരാനാവശ്യമായ സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ടാണ് ചീഫ് ജസ്റ്റീസിനുള്ള പരാതി രാജമ്മ അവസാനിപ്പിക്കുന്നത്.