സംവരണവിഷയത്തിൽ കോൺഗ്രസിന് അന്ത്യശാസനവുമായി പട്ടേൽസമരനേതാവ് ഹാർദിക് പട്ടേൽ. സമുദായസംവരണം സംബന്ധിച്ച് നവംബർ മൂന്നിനകം കൃത്യമായ നിലപാട് അറിയിക്കണമെന്ന് ഹാർദിക് പട്ടേൽ കോൺഗ്രസിനോട് ട്വിറ്ററിൽ ആവശ്യപ്പെട്ടു. ഹാർദിക് കോൺഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണിത്. നവംബർ ഒന്നുമുതൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി ഗുജറാത്തില്‍ സന്ദർശനം നടത്തുന്നുണ്ട്. ഈസമയം നിലപാട് വ്യക്തമാക്കണമെന്നാണ് ഹാർദിക്കിന്റെ ആവശ്യം.
സംവരണവിഷയത്തിൽ കോൺഗ്രസ് വഴങ്ങിയില്ലെങ്കിൽ ബന്ധം വഷളായേക്കുമെന്ന സൂചനയാണ് ട്വീറ്റിലൂടെ വ്യക്തമാകുന്നത്. വിദ്യാഭ്യാസരംഗത്തും സർക്കാർ ജോലിയിലും സംവരണമാവശ്യപ്പെട്ട് രണ്ടുവർഷമായി സമരംനടത്തുകയാണ് ഹാർദിക്കിന്റെ നേതൃത്വത്തിലുള്ള പട്ടേൽവിഭാഗം.