Vizhinjam-church

വിഴിഞ്ഞം സമരം നൂറ് ദിവസത്തോടടുക്കുമ്പോള്‍ പ്രതിഷേധം ശക്തമാക്കാന്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ ആഹ്വാനം. 27 ന് കരയിലും കടലിലും സമരം നടത്താന്‍ നിര്‍ദേശിക്കുന്ന സര്‍ക്കുലര്‍ പളളികളില്‍ വായിച്ചു. പ്രാദേശിക വിദഗ്ധരില്ലാതെ മുതലപ്പൊഴി ഹാര്‍ബറിലെ  അപകടങ്ങളെക്കുറിച്ച് പഠിക്കാനുളള സര്‍ക്കാര്‍ നീക്കം സമരസമിതി തളളി. 

 

സമരത്തിന്റെ നൂറാംദിനമായ  27 ന് കടലിലും കരയിലും സമരം നടത്തണമെന്ന് ആവശ്യപ്പെടുന്ന സര്‍ക്കുലര്‍ പളളികളില്‍ വായിച്ചു. അന്നേദിവസം വിഴിഞ്ഞം മുല്ലൂര്‍ കേന്ദ്രീകരിച്ച് കര സമരവും മുതലപ്പൊഴി കേന്ദ്രീകരിച്ച് കടല്‍സമരവും നടത്തണമെന്നാണ് നിര്‍ദേശം. എല്ലാ ഇടവകകളില്‍ നിന്നും ജനങ്ങളെ സമരത്തില്‍ പങ്കെടുപ്പിക്കണമെന്ന്  ആര്‍ച്ച് ബിഷപ് ഡോ തോമസ് ജെ നെറ്റോ സര്‍ക്കുലറിലൂടെ നിര്‍ദേശിച്ചു.

 

സമരം തുടങ്ങിയശേഷം ആറാം തവണയാണ് അതിരൂപതയിലെ പളളികളില്‍ സര്‍ക്കുലര്‍ വായിക്കുന്നത്. ഇതിനിടെ  മുതലപ്പൊഴി ഹാര്‍ബറിലെ അപകടങ്ങളെക്കുറിച്ച് പഠിക്കാനുളള സര്‍ക്കാര്‍ തീരുമാനം സമരസമിതി തളളിക്കളഞ്ഞു. സമരക്കാരെ അനുനയിപ്പിക്കുന്നതിനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് പ്രശ്നം പഠിക്കാന്‍ തുറമുഖ വകുപ്പ് പുണെയിലെ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്റ്റേഷനെ ചുമതലപ്പെടുത്തിയത്. എന്നാല്‍ പ്രാദേശിക വിദഗ്ധരില്ലാത്ത പഠനം പ്രഹസനമെന്നാണ് സമരസമിതിയുടെ നിലപാട് .

 

തീരശോഷണം പഠിക്കാന്‍ പ്രാദേശിക  പ്രതിനിധിയില്ലാതെ സര്‍ക്കാര്‍ വിദഗ്ധസമിതി രൂപീകരിച്ചതിനെയും സമരസമിതി  എതിര്‍ത്തിരുന്നു. സമരം നൂറു ദിവസത്തോടടുക്കുമ്പോഴും അനുരഞ്ജന സാധ്യതകള്‍ തെളിയാത്തത് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുന്നുണ്ട്.  പ്രധാന ആവശ്യങ്ങളില്‍ ഉത്തരവുകള്‍ ഇറക്കി സമരക്കാരെ അനുനയിപ്പിക്കാനുളള നീക്കങ്ങളും ഫലം കാണുന്നില്ല. തുടര്‍ സമരപരിപാടികള്‍ തീരുമാനിക്കാന്‍ നാളെ സമരസമിതി യോഗം ചേരും. 

The fight in Vizhinjam continue strong; Latin Archdiocese