eka-song

പോസ്റ്ററിലൂടെയും ട്രെയിലറിലൂടെയും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായ ഏക എന്ന മലയാള സിനിമയുടെ പശ്ചാത്തലമായി ഉപയോഗിക്കുന്ന ആസാദി ഗാനം പുറത്തിറക്കി. ന്യൂനപക്ഷങ്ങളുടെ സ്വാതന്ത്ര്യഗാനം എന്ന രീതിയിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. കര്‍ണ്ണാടക, കേരളം, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി എല്‍ജിബിടിക്യൂ അംഗങ്ങള്‍ പാട്ടില്‍ കടന്നു വരുന്നുണ്ട്.

ജെ.എന്‍.യൂവിലൂടെ ഇന്ത്യയൊട്ടാകെ കത്തിപ്പടര്‍ന്ന സ്വാതന്ത്ര്യത്തിനുള്ളിലെ സ്വാതന്ത്ര്യം ആശയത്തിനുള്ള സമര്‍പ്പണഗാനമായാണ് ഇത് അവതരിപ്പിക്കുന്നത്‌ എന്ന് സംവിധായകന്‍ പ്രിന്‍സ് ജോണ്‍ പറഞ്ഞു. ട്രാന്‍സ്ജെന്‍ഡര്‍ ആയവര്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ അസ്വസ്ഥമായ രീതിയില്‍ അനുദിനം പെരുകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എകയുടെ ക്രൂ അംഗം ആയിരുന്ന ആവന്തികയ്ക്ക് നേരെ കഴിഞ്ഞ ദിവസം പോലീസ് കയ്യേറ്റം ഉണ്ടായിരുന്നു.

തൊട്ടടുത്ത ദിവസമാണ് തിരുവനന്തപുരം വലിയതുറയില്‍ ചന്ദന എന്ന ട്രാന്‍സ് വുമണ്‍ ആക്രമിക്കപ്പെട്ടത്. അടിവസ്ത്രങ്ങള്‍ വരെ വലിച്ചു കീറുന്ന രീതിയില്‍ ക്രൂരമായ ആക്രമണമാണ് ഉണ്ടായത്. എകയില്‍ ക്രൂ അംഗങ്ങള്‍ ആയിരുന്ന പല ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും ഷൂട്ടിങ് സമയത്തും അല്ലാത്തപ്പോഴും ആള്‍ക്കൂട്ടത്തില്‍ നിന്നു അപമാനങ്ങള്‍ നേരിടേണ്ടി വരുന്നത് നേരിട്ട് കണ്ടതായി സംവിധായകന്‍ പറയുന്നു. 

ഗായിക പുഷ്പവതിയുടെയും എല്‍ജിബിടി സംഘടനകളായ ഒയാസിസ്‌ കള്‍ച്ചറല്‍ സൊസൈറ്റി, ക്വീര്‍ റിഥം എന്നിവയുടെയും സഹായത്തോടെയാണ് എകയുടെ ഓണ്‍ സ്ക്രീന്‍-റൊ ഫൂട്ടേജ് - മേക്കിംഗ് വിഷ്വലുകള്‍ എന്നിവ കൂട്ടിച്ചേര്‍ത്ത് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്.

ജനിക്കുമ്പോള്‍ തന്നെ സ്ത്രീയുടെയും പുരുഷന്‍റെയും ലൈംഗികാവയവങ്ങള്‍ ഉള്ള ഇന്‍റെര്‍ സെക്സ് എന്ന ലിംഗ വൈവിധ്യത്തില്‍ ഉള്ളവരുടെ കഥ പറയുന്ന സിനിമയാണ് ഏക. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായാണ്‌ ഈ വിഷയം കേന്ദ്രീകരിച്ച് ഒരു ചിത്രം ഉണ്ടാവുന്നത്.

ട്രീഹൗസ് ടാക്കീസിനു വേണ്ടി മനോജ്‌ കെ. ശ്രീധര്‍ നിര്‍മ്മാണം നിര്‍വഹിച്ച് പ്രിന്‍സ് ജോണ്‍ തിരക്കഥയും സംവിധാനവും ചെയ്ത ചിത്രത്തില്‍ രഹന ഫാത്തിമയും അനുപമ ശശിധരനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എഡിറ്റിംഗ് ജിത്തു ബാബു.