8700 ലക്ഷം ഡോളര്‍ മുതല്‍മുടക്കില്‍ ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ പ്ലാന്റ് അബുദാബിയിലെ സ്വൈഹാനില്‍ നിര്‍മിക്കും. അബുദാബി ജലവൈദ്യുതി അതോറിറ്റി, ജാപ്പനീസ് കമ്പനി മരുബെനി, ചൈനീസ് ഉത്പാദക കമ്പനിയായ ജിന്‍കൊസൊലര്‍ എന്നിവ സംയുക്തമായാണ് രാജ്യാന്തരപദ്ധതി നടപ്പാക്കുന്നത്. 2019ല്‍ കമ്മീഷന്‍ ചെയ്യും.
സംയുക്ത പദ്ധതിയുടെ ധാരണാപത്രം രണ്ടുദിവസം മുമ്പ് അബുദാബിയില്‍ നടന്ന ചടങ്ങില്‍ ഒപ്പുവെച്ചു. അബുദാബിയിലെ ഊര്‍ജസ്രോതസുകള്‍ പ്രയോജനപ്പെടുത്തുകയും ഊര്‍ജലഭ്യത വൈവിധ്യവത്കരിക്കുകയും ചെയ്യുന്നതിനുള്ള അബുദാബി സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് പുതിയ സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കുന്നത്. സൗരോര്‍ജ മേഖലയിലെ സുപ്രധാന വികസനമാണിതെന്നും ലോകത്തിലെ ഏറ്റവുംവലിയ സ്വതന്ത്ര സൗരോര്‍ജ പ്ലാന്റാണ് അബുദാബിയില്‍ ആരംഭിക്കുന്നതെന്നും അബുദാബി ജലവൈദ്യുതി അതോറിറ്റി ചെയര്‍മാന്‍ അബ്ദുള്ള മുസ്ലെഹ് അല്‍ അഹ്ബാബി പറഞ്ഞു.
പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ കഴിഞ്ഞ ഏപ്രിലില്‍ ആരംഭിച്ചു. സൗരോര്‍ജ രംഗത്തെ ഏറ്റവുംവലിയ 90 കമ്പനികളില്‍നിന്ന് പദ്ധതിക്കുള്ള അഭിപ്രായരേഖകള്‍ ലഭിച്ചു. പുതിയ സൗരോര്‍ജ പ്ലാന്റ് കമ്മീഷന്‍ ചെയ്യുന്നതോടെ ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതി എത്തിക്കാനാകും. മൊത്തം 1,177 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനും കഴിയും. 2019 രണ്ടാംപാദത്തില്‍ സൗരോര്‍ജ പ്ലാന്റ് കമ്മീഷന്‍ ചെയ്യാമെന്ന പ്രതീക്ഷയിലാണ് അബുദാബി സര്‍ക്കാര്‍. രാജ്യത്തിന്റെ സമഗ്ര വികസനത്തിന് നെടുംതൂണയായി ഭാവിയില്‍ ഈ പദ്ധതി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.