ബലി പെരുന്നാള്‍ വേളയില്‍ മികച്ച ഉപഭോക്തൃ സേവനം ഉറപ്പാക്കുന്നതിനായി അബുദാബിയിലെ ഹെയര്‍ സലൂണ്‍ ഔട്ട്‌ലെറ്റുകളില്‍ സിറ്റി മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരുടെ പരിശോധന കര്‍ശനമായി നടപ്പാക്കുന്നു. പുരുഷന്മാരുടെയും വനിതകളുടെയും സലൂണുകളിലാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. മൊത്തം 63 പുരുഷ ബാര്‍ബര്‍ ഷോപ്പുകളും 35 സ്ത്രീ ബ്യൂട്ടി പാര്‍ലറുകളിലും ശുചിത്വ രീതികളും പൊതു സുരക്ഷാ നിയമങ്ങളും കര്‍ശനമായി പാലിക്കുന്നുണ്ടോയെന്ന പരിശോധനയാണ് നടത്തിയത്.
ഉപഭോക്താക്കളുടെ തിരക്ക് വര്‍ധിക്കാവുന്ന സാഹചര്യം മുന്നില്‍ കണ്ടാണ് അബുദാബിയിലെ അല്‍ ഷംഖ, അല്‍ മഫ്‌റഖ്, അല്‍ വത്ബ, അല്‍ ഷവാമേക്ക്, ബനിയാസ് മേഖലകളിലെ ബാര്‍ബര്‍ ഷോപ്പുകളിലും ലേബര്‍ ക്യാംപുകളിലെ സലൂണുകളിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. തൊഴിലാളികള്‍ക്കിടയില്‍ ആരോഗ്യ ബോധവത്കരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുജനാരോഗ്യ സുരക്ഷ ലക്ഷ്യമാക്കി ശുചിത്വ നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യവും അധികൃതര്‍ ചൂണ്ടിക്കാട്ടി.
സമൂഹിക സുരക്ഷിതത്വവും പൊതുജനാരോഗ്യ സംരക്ഷണവും ഉറപ്പാക്കുന്നതിനായി മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരുടെ പരിശോധന തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി. ആരോഗ്യ സുരക്ഷാ വ്യവസ്ഥകളും ചട്ടങ്ങളും അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ എല്ലാ സലൂണുകളിലും ബ്യൂട്ടി പാര്‍ലറുകളിലും ഈ പരിശോധനയും ബോധവല്‍ക്കരണ പരിപാടിയും നിര്‍ബ്ബന്ധമാക്കുന്നതായും മുനിസിപ്പാലിറ്റി അധികൃതര്‍ പറഞ്ഞു.
ബാര്‍ബര്‍ഷോപ്പുകളിലും സലൂണുകളിലും ബ്യൂട്ടി പാര്‍ലറുകളിലും ഉപയോഗിക്കുന്ന സൗന്ദര്യ. വര്‍ധക വസ്തുക്കളും ഉപകരണങ്ങളും ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാവുന്നതാവരുത്. നിയമവിരുദ്ധ വസ്തുക്കളുടെ ഉപയോഗം ഗുരുതരമായ കുറ്റകൃത്യങ്ങമായി പരിഗണിക്കുമെന്നും അധികൃതര്‍ പറഞ്ഞു.