വിദ്യാര്‍ഥികളുടെ സുരക്ഷിതത്വത്തിന് ഭീഷണിയാകുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് അബുദാബി പൊലീസ്. കുട്ടികളുടെ സുരക്ഷിതത്വത്തിനായി സ്കൂള്‍ പരിസരത്ത് പ്രത്യേക പട്രോളിങും ശക്തമാക്കി. സ്കൂള്‍ ബസുകളുടെ വശങ്ങളിലെ സ്റ്റോപ്പ് ബോര്‍ഡ് കണ്ടാല്‍ അഞ്ചു മീറ്ററില്‍ കുറയാത്ത അകലത്തില്‍ മറ്റു വാഹനങ്ങള്‍ നിര്‍ത്തണമെന്നാണ് നിയമം. ഇത് ലംഘിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ആയിരം ദിര്‍ഹം പിഴയും പത്തു ബ്ലാക്ക് മാര്‍ക്കുമാണ് ശിക്ഷ. കുട്ടികളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന സമയത്ത് സ്റ്റോപ്പ് ബോര്‍ഡ് ഇടാത്ത ബസ് ഡ്രൈവര്‍മാര്‍ക്കും പിഴയുണ്ട്. 500 ദിര്‍ഹമും ആറ് ബ്ലാക്ക് പോയിന്‍റുമാണ് ഇവര്‍ക്കുള്ള ശിക്ഷ.
യാത്രയില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സൂപ്പര്‍വൈസറുടെ ബാധ്യതയാണെന്നും വ്യക്തമാക്കുന്നു. സ്കൂള്‍ പരിസരത്ത് അനുവദിക്കപ്പെട്ടതിലും കൂടുതല്‍ വേഗത്തില്‍ വാഹനമോടിച്ചാല്‍ 400 ദിര്‍ഹവും നാല് ബ്ലാക്ക് മാര്‍ക്കുമാണ് ശിക്ഷ. മക്കളെ സ്കൂളിലേക്ക് കൊണ്ടുവിടുന്ന രക്ഷിതാക്കള്‍ പ്രത്യേക സ്റ്റോപ്പില്‍ തന്നെ ഇറക്കണം. റോഡിന് കുറുകെ കടക്കേണ്ട സന്ദര്‍ഭങ്ങളില്‍ സുരക്ഷിതമായി കുട്ടികള്‍ കടന്നുവെന്ന് ഉറപ്പാക്കണമെന്നും പൊലീസ് നിർദേശിച്ചു. അവരുടെ സുരക്ഷ ഞങ്ങളുടെ സന്തോഷം എന്ന പ്രമേയത്തിലാണ് വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കുള്ള പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഇതിൻറെ ഭാഗമായി രക്ഷിതാക്കൾക്കും വിദ്യാര്‍ഥികൾക്കും സ്കൂള്‍ അധികൃതർക്കും ബോധവല്‍ക്കരണം ഒരുക്കിയിട്ടുണ്ട്.