അബുദാബി ∙ തലസ്ഥാന നഗരിയിലെ സ്വർണവിപണിയിൽ നിന്ന് 27 കിലോ വ്യാജ സ്വർണം പൊലീസ് പിടികൂടി. 26 ജ്വല്ലറികളിൽ നിന്നാണ് നിലവാരമില്ലാത്ത സ്വർണാഭരണങ്ങൾ കണ്ടെടുത്തത്. രാജ്യാന്തര ബ്രാൻഡുകളുടെ പേര് എഴുതിയായിരുന്നു വ്യാജ സ്വർണാഭരണങ്ങൾ വിൽപന നടത്തിയിരുന്നത്. 26 ജ്വല്ലറികളിൽ 11 ഉം ഒരു വ്യക്തിയുടേതാണെന്ന് അബുദാബി പൊലീസ് സിഎെഡി വിഭാഗം ഡയറക്ടർ ബ്രി.ജനറൽ ഡോ.റാഷിദ് മുഹമ്മദ് ബുറഷീദ് പറഞ്ഞു.
എന്നാൽ, ജ്വല്ലറികളുടെ പേരുകൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. വ്യാജ സ്വർണാഭരണങ്ങൾ ജ്വല്ലറികളിലെ രഹസ്യ അറകളിലായിരുന്നു സൂക്ഷിച്ചിരുന്നത്. പ്രമുഖ രാജ്യാന്തര കൊമേഴ്യല്‍ ഏജന്റ് നൽകി പ്രകാരം പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ജ്വല്ലറികളിൽ റെയ്ഡ് നടത്തി വ്യാജ സ്വർണാഭരണങ്ങൾ പിടികൂടുകയായിരുന്നു.
പിടികൂടിയ വ്യാജ സ്വർണാഭരണങ്ങൾ തുടർനടപടിക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. രാജ്യാന്തര ബ്രാൻഡുകൾ തിരഞ്ഞെടുക്കുമ്പോൾ ജാഗ്രത പുലർത്തണമെന്ന് പൊലീസ് ഉപയോക്താക്കളോട് നിർദേശിച്ചു.