പശ്ചിമ അബുദാബിയിലെ മർവ ദ്വീപിൽ 7,000 വർഷം പഴക്കംചെന്ന പുരാവസ്തുക്കൾ ഗവേഷണത്തിൽ കണ്ടെത്തി. അബുദാബി എമിറേറ്റിലെ പുരാതനമായ മർവ ദ്വീപ് നിവാസികൾ 7000 വർഷങ്ങൾക്കു മുമ്പ് ആടുകളെയും കോലാടുകളെയും പരിപാലിച്ചിരുന്നതായും അവയെ ആഹാരത്തിനും മറ്റുമായി ബലികഴിച്ചിരുന്നതായും ദ്വീപിലെ പര്യവേഷണത്തിൽ കണ്ടെത്തിയ ചരിത്രാവശിഷ്ടങ്ങൾ വെളിപ്പെടുത്തുന്നു. സമുദ്ര വിഭവങ്ങൾ ഭക്ഷണസാധനങ്ങളായും ദ്വീപു നിവാസികൾ ഉപയോഗിച്ചിരുന്നതായുമാണ് കണ്ടെത്തൽ.
ഈ വർഷം ആദ്യം കണ്ടെത്തിയ 7,000 വർഷം മുമ്പുള്ള കണ്ടുപിടുത്തങ്ങളെക്കുറിച്ച് പുരാവസ്തുഗവേഷകർ നടത്തുന്ന ഗവേഷണം പുരോഗമിക്കുന്നതായും അധികൃതർ അറിയിച്ചു. വളരെ സങ്കീർണ്ണവും വൈദഗ്ധ്യവുമുള്ള മർവ ദ്വീപിലെ ജനത വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും സമുദ്ര സമ്പത്ത് വ്യാപാരം ചെയ്തിരുന്നതായും ഇവിടെ നിന്നു ശേഖരിച്ച വസ്തുക്കൾ തെളിയിക്കുന്നു. പൗരാണിക കാലത്ത് പ്രദേശ നിവാസികൾ ചെമ്മരിയാടുകളെയും കോലാടുകളെയും മറ്റു മൃഗങ്ങളെയും ഗസലുകൾ പോലെയുള്ള വേട്ടക്കല്ലുകളെറിഞ്ഞാണ് വേട്ടയാടിയിരുന്നതെന്നും ഈ പ്രദേശത്തു നിന്നുള്ള കണ്ടുപിടിത്തങ്ങൾ സൂചിപ്പിക്കുന്നു.
മത്സ്യം, ഡുഗോങ്, ആമകൾ, ഡോൾഫിൻ എന്നിവയുടെ അസ്ഥികളും വൻതോതിൽ ഇവിടെനിന്ന് ലഭിച്ചിട്ടുണ്ട്. ഇതു സൂചിപ്പിക്കുന്നത് ദ്വീപിൽ അക്കാലത്ത് ജീവിച്ചിരുന്നവർ കടലിനെയും കടൽ വിഭവങ്ങളെയും ആശ്രയിച്ചാണ് ജീവിച്ചിരുന്നതെന്നാണ്. ആഹാരത്തിനും വ്യാപാരത്തിനു സമുദ്ര വിഭവങ്ങൾ ഉപയോഗിക്കുകയും ചെയ്തതായി അനുമാനിക്കുന്നുവെന്ന് അബുദാബി സാംസ്‌കാരിക-ടൂറിസം വകുപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക്, ഡയറക്ടർ ജനറൽ സെയ്ഫ് സഈദ് ഗോബാഷ് എന്നിവർ മർവ ദ്വീപിലെ പുരാവസ്തു ഗവേഷണ സൈറ്റ് സന്ദർശിച്ചശേഷം പറഞ്ഞു.
7,500 വർഷങ്ങൾക്കു മുമ്പ് യുഎഇയിൽ ജീവൻ ഉണ്ടായിരുന്നു എന്നതിന്റെ പ്രധാന തെളിവായി മർവ ദ്വീപിലെ ഗവേഷണ സൈറ്റിൽ നിന്ന് കണ്ടെത്തിയനൂറുകണക്കിന് കരകൗശല വസ്തുക്കളും പുരാവസ്തുക്കളും കണക്കാക്കുന്നു. ദ്വീപിൽ കാണപ്പെട്ട പുരാതന സൈറ്റുകളെല്ലാം അബുദാബി എമിറേറ്റിലെ പരമ്പരാഗത ഗവേഷണങ്ങളുടെയും അമൂല്യമായ വിഭവങ്ങളുടെയും കലവറയാണെന്നും അബുദാബി സാംസാകാരിക ടൂറിസം വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടി. വളരെ സങ്കീർണ്ണവും വൈദഗ്ധ്യമുള്ളതുമായ ഒരു ജനതയാണ് ഈ ദ്വീപിൽ വസിച്ചിരുന്നതെന്നും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ പോലും സമുദ്രോൽപന്നങ്ങൾ അവർ വ്യാപാരം ചെയ്തിരുന്നതായും മനസിലാക്കുന്നു.
കടലിൽ നിന്നുള്ള ഷെല്ലിൽ നിന്ന് നിർമ്മിച്ച ചെറിയ മുത്തുകൾ, ചെറിയ സ്രാവുകളുടെ പല്ല് എന്നിവ അലങ്കാര വസ്തുക്കളായി ദ്വിപിലെ പൗരാണിക കാലഘട്ടത്തിലെ താമസക്കാർ ഉപയോഗിച്ചിരുന്നതിന്റെ ശേഖരങ്ങളും ലഭിച്ചു.
അബുദാബിയിൽ ഏറ്റവുമധികം മഴ ലഭിക്കുന്ന പ്രദേശവും മർവ ദ്വീപിലാണെന്ന് ഗവേഷണങ്ങളിൽ തെളിഞ്ഞിരിക്കുന്നു.
പൂർവികരുടെ ചരിത്രം പര്യവേക്ഷണം ചെയ്ത് പാരമ്പര്യത്തിന്റെ വേരുകളെ മനസിലാക്കാൻ കഴിയുമെന്നും ദ്വീപിലെ പൈതൃക സ്വഭാവം സംരക്ഷിക്കുന്നത് ടൂറിസം വകുപ്പിനു പ്രത്യേക താൽപര്യമുള്ളതായും അധികൃതർ വ്യക്തമാക്കി. ഭൂതകാല പാരമ്പര്യം സംരക്ഷിക്കുന്നതിനും ഭാവി തലമുറകൾക്കും ചരിത്രാന്വേഷകർക്കും മുതൽക്കൂട്ടാവും വിധം സാംസ്‌കാരിക പൈതൃകത്തെക്കുറിച്ച് പര്യവേക്ഷണം ചെയ്യുകയും പഠിക്കുകയും ചെയ്യാനുള്ള ശ്രമം തുടരുകയും ചെയ്യും.
മർവ ദ്വീപിലെ കണ്ടെത്തലുകൾ സൂക്ഷ്മമായ പഠനത്തിലൂടെയും പുരാവസ്തു സൈറ്റുകളിൽ നിന്ന് ശേഖരിച്ച് മറ്റു വസ്തുക്കളുമായുള്ള താരതമ്യ പരിശോധനകളിലൂടെയും മാത്രമേ കൃത്യമായ വിശകലനത്തിന് സാധിക്കുകയുള്ളൂവെന്നും അധികൃതർ വ്യക്തമാക്കി. കുഴിച്ചെടുത്ത ഷെല്ലിൽ ചെറിയ പല്ലുകൾ കണ്ടെത്തിയത് അലങ്കാരത്തിനായി സൂക്ഷിച്ചതാവാമെന്നാണ് അനുമാനം. നേരത്തെ സൈറ്റിൽ ഉത്ഖനനം ചെയ്യവെ കാണപ്പെട്ട അലങ്കരിച്ച വളരെ പഴക്കം ചെന്ന സിറാമിക് ജാർ ഇറാഖിൽ നിർമ്മിച്ചതാണെന്നു ബോധ്യമായി. എന്നാൽ മർവ ദ്വീപ് നിവാസികൾ സമുദ്ര വിഭവങ്ങളെ ആശ്രയിച്ചായിരുന്നു ജീവിച്ചിരുന്നതെന്നും സമുദ്രോൽപന്നങ്ങൾ ദീർഘനാൾ കേടുകൂടാതെ ഉപ്പിലിട്ട് ശേഖരിച്ചു വെക്കാനായിരുന്നു ഇത്തരം ഭരണികൾ ഉപയോഗിച്ചിരുന്നതെന്നുമാണ് ഊഹം. ഈ ഭരണിയാവട്ടെ ആയിരത്തിലധികം കിലോമീറ്ററുകൾ അകലെ നിന്ന് കടൽ മാർഗം എത്തിച്ചതാവാമെന്നും അനുമാനിക്കുന്നു.
റേഡിയോകാർബൺ തിയതികളിലേക്കും വെങ്കലയുഗത്തിലേക്കും വെളിച്ചം വീശുന്ന തെളിവുകളും ഈ ദ്വീപിലെ ഗവേഷണത്തിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്. ഈ മാസം 2 മുതൽ മർവ ദ്വീപിൽ പുരാവസ്തു ഗവേഷണം പുരോഗമിക്കുകയാണ്. എംആർ-11 എന്നറിയപ്പെടുന്ന വൈറ്റ് സ്റ്റോൺ ഏജ് സെറ്റിൽമെന്റ് സൈറ്റിലെ അന്വേഷണങ്ങൾ തുടരുമെന്ന് അധികൃതർ പറഞ്ഞു. ഡോ. മാർക്ക് ജൊനാഥൻ ബീച്ച്, ഡോ. ഒലിവിയർ ബ്രൂണറ്റ്, ഡോ. റിച്ചാർഡ് കട്‌ലർ, അഹമ്മദ് അബ്ദാല എൽഹജ് എൽഫാകി, അബ്ദുള്ള ഖൽഫാൻ അൽ കാബി, ജോൺ മാർട്ടിൻ, സഹീർ ഖാൻ, റഷീദ് അലി മുഹമ്മദ് അക്രാബ്, റാബിൻ റായ് എന്നിവരാണ് ദ്വീപിൽ പുരാവസ്തു ഗവേഷണ ജോലികളിൽ മുഴുകിയിരിക്കുന്നത്.