സിഎംപി ജനറല്‍ സെക്രട്ടറി കെ.ആര്‍ അരവിന്ദാക്ഷന്‍ അന്തരിച്ചു. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എം.വി രാഘവന്റെ പ്രിയ ശിഷ്യനായിരുന്ന അരവിന്ദാക്ഷന്‍ പാര്‍ട്ടിയെ സിപിഎമ്മിലേക്ക് തിരികെ കൊണ്ടുപോകാനുള്ള ശ്രമം തുടരുകയായിരുന്നു. മൃതദേഹം കോട്ടയത്തെ വീട്ടിലേക്ക് കൊണ്ട് പോയി.
1986ല്‍ എംവിആറിനൊപ്പം സിപിഎം വിടുമ്പോള്‍ അരവിന്ദാക്ഷന്‍ കോട്ടയം ജില്ലാകമ്മിറ്റി അംഗം.ഡിവൈഎഫ്്ഐയുടെ കേന്ദ്രകമ്മിറ്റി അംഗവുമായിരുന്നു അന്ന് അരവിന്ദാക്ഷന്‍ ബദല്‍ രേഖയുടെ പേരില്‍ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്ത എംവിആറിനൊപ്പം അരവിന്ദാക്ഷനായിരുന്നു തുടക്കം മുതല്‍. യുഡിഎഫിനൊപ്പം നിന്ന സിഎംപിയെ എംവിആറിന്റെ അവസാനകാലത്ത് തന്നെ സിപിഎമ്മിലേക്ക് മടക്കി കൊണ്ടുവാരനുള്ള ശ്രമം അരവിന്ദാക്ഷന്‍ തുടങ്ങിയിരുന്നു. എംവിആറിന്റെ വിയോഗത്തോടെയാണ് അരവിന്ദാക്ഷന്‍ സിഎംപി ജനറല്‍സെക്രട്ടരിയായി ചുമതലയേറ്റു.എന്നാല്‍ അപ്പോഴേക്കും സിപി ജോണിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പിളര്‍ന്നിരുന്നു.
ലയന നീക്കങ്ങള്‍ തുടരവെയാണ് അറുപത്തിയാറാം വയസ്സില്‍ അരവിന്ദാക്ഷന്‍ മടങ്ങുന്നത്.സിപി ജോണും സംഘവും ഇപ്പോഴും യുഡിഎഫിനൊപ്പം നില്‍ക്കുകയാണ്.കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ അരവിന്ദാക്ഷന്‍ ഇടത് മുന്നണിക്ക് േവണ്ടി പ്രചരണത്തിനിറങ്ങി.വേങ്ങര ഉപതിരഞ്ഞെടുപ്പിലും ഇടത് മുന്നിണിക്ക് പ്രചരണത്തിനെത്താന്‍ അരവിന്ദാക്ഷന്‍ തീരുമാനിച്ചിരുന്നു.കണ്ണൂരില്‍ പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോ യോഗത്തിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ രാത്രി കോഴിക്കോട്ടെ സ്വകാര്യആശുപത്രിയിലെത്തിക്കുകയായിരുന്നു.ആന്തരിക രക്തസ്രാവമാണ് മരണ കാരണം,കരള്‍ രോഗത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലാരുന്നു അദേഹം.