സംസ്ഥാനത്ത് ജനിക്കുന്ന എല്ലാ കുട്ടികളുടെയും കേൾവിശക്തി പരിശോധിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ. കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രകിയ കഴിഞ്ഞവർക്ക് തുടർചികിൽസകൾക്കായി ധ്വനി എന്ന ചികിൽസാപദ്ധതിയും മന്ത്രി പ്രഖ്യാപിച്ചു. കുട്ടികളുടെ ശ്രവണവൈകല്യം പരിഹരിക്കാനുള്ള സമഗ്രപദ്ധതിയായ കാതോരം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒാസ്ട്രേലിയൻ മുൻ ഫാസ്റ്റ് ബോളർ ബ്രറ്റ്ലീ മുഖ്യാതിഥിയായിരുന്നു.
നമ്മുടെ സംസ്ഥാനത്ത് പ്രതിവർഷം ജനിക്കുന്ന കുട്ടികളിൽ അഞ്ചുമുതൽ ആറുശതമാനം വരെയുള്ളവർക്ക് ശ്രവണവൈകല്യങ്ങൾ കാണുന്നു. കുഞ്ഞിന്റെ ജനനംമുതൽ 1, 2,3, 6, 18, 42 മാസങ്ങളിൽ ശ്രവണവികാസങ്ങൾ നിരീക്ഷിച്ച് അനുയോജ്യമായ ചികിൽസ ലഭ്യമാക്കുന്ന പദ്ധതിയാണ് കാതോരം. കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രകിയയിലൂടെ കേൾവി വീണ്ടെടുത്തവർക്ക് തുടർചികിൽസക്കായി ഒന്നരക്കോടിയുടെ ധ്വനി പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചു.
ശ്രവണ പരിശോധയ്ക്ക് ഉതകുന്ന കാതോരം സോഫ്റ്റ്വെയർ ഒാട്രേലിയൻ മുൻ ഫാസ്റ്റ് ബോളർ ബ്രറ്റ്ലീ പുറത്തിറക്കി. വാഹനാപകടത്തിൽ പരുക്കേറ്റ ലീയുടെ മകന് കേൾവിത്തകരാറ് സംഭവിച്ചതാണ് അദ്ദേഹത്തിന് ഈ മേഖയിൽ പ്രവർത്തിക്കാൻ പ്രേരണയായത്.