മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോർട്ടിലേക്കുള്ള റോഡിന് സിപിഐ രാജ്യസഭാംഗം ഫണ്ട് അനുവദിച്ചത് പാർട്ടിക്കുള്ളില്‍ ചര്‍ച്ചയാകുന്നു. അടുത്തമാസം ചേരുന്ന സംസ്ഥാന നിർവാഹക സമിതി യോഗം എംപി ഫണ്ട് വിനിയോഗം ചർച്ച ചെയ്യുമെന്നാണ് സൂചന. ഇതുസംബന്ധിച്ച ഉള്‍പ്പാര്‍ട്ടി പ്രശ്നം സജീവമായതോടെ എംപി ഫണ്ട് അനുവദിച്ചതു സംബന്ധിച്ച് സംസ്ഥാന നേതൃത്വം വിവരങ്ങൾ ആരാഞ്ഞു.
രണ്ട് എംപിമാരുടെ ഫണ്ടും സര്‍ക്കാര്‍ ഫണ്ടും ഉപയോഗിച്ച് ഹാർബർ എൻജിനീയറിങ് വിഭാഗം നിർമിച്ച റോഡ്, ലേക് പാലസ് റിസോർട്ടിനു പിന്നിൽ നിർമാണം അവസാനിപ്പിച്ചതാണ് ഇപ്പോഴത്തെ വിവാദത്തിനു തുടക്കം. സിപിഐയുടെ രാജ്യസഭാ എംപി ലേക് പാലസിന് ഉപകാരപ്പെടുന്ന റോഡിന് എന്തിനു ഫണ്ട് നൽകിയെന്ന ചോദ്യം ഉയർന്നതോടെയാണ് പാർട്ടി വെട്ടിലായത്. എന്നാല്‍ പാർട്ടി നിർദേശ പ്രകാരമാണ് എംപിയായിരുന്ന കെ.ഇ.ഇസ്മയില്‍ ഫണ്ട് അനുവദിച്ചതെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.
മുല്ലയ്ക്കൽ ലോക്കൽ കമ്മിറ്റിയുടെ ശുപാർശ അനുസരിച്ച് മണ്ഡലം കമ്മിറ്റി നിർദേശിച്ച പദ്ധതിക്കാണ് ഫണ്ട് അനുവദിച്ചതെന്നു ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് പറഞ്ഞു. ഈ മേഖലയിൽ പാർട്ടി പ്രവർത്തകർ ആവശ്യം ഉന്നയിച്ചതിനെ തുടർന്നാണ് വലിയകുളം-സീറോ ജെട്ടി റോഡ് എന്ന നിലയിൽ പുതിയ റോഡിനു ഫണ്ട് അനുവദിക്കാൻ ശ്രമം നടത്തിയത്.
മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകൾ സംബന്ധിച്ച് തത്വാധിഷ്ഠിത നിലപാട് എടുത്ത സിപിഐക്കും റവന്യൂ വകുപ്പിനും തങ്ങളുടെ എംപി ഫണ്ട് അനുവദിച്ചുവെന്നത് തലവേദനയായിട്ടുണ്ട്. പ്രാദേശിക സമ്മേളനങ്ങളിൽ മുതൽ സംസ്ഥാന സമ്മേളനങ്ങളിൽ വരെ എംപി ഫണ്ട് ചർച്ചയാകുമെന്നു സംസ്ഥാന നേതൃത്വം ഭയക്കുന്നു. അതിനിടെ കെ.ഇ.ഇസ്മയില്‍ വിരുദ്ധചേരി, പ്രശ്നം സംസ്ഥാന നേതൃത്വത്തിനു മുന്നിൽ ഉയർത്താനും ശ്രമം തുടങ്ങിയിട്ടുണ്ട്.