പാലക്കാട് മണ്ണൂരിൽ സിപിഎമ്മിന്റെ അടിത്തറയിളക്കി സിപിഎം വിമതർ സിപിെഎയിൽ ചേർന്നു. വിഭാഗീയതയെ തുടർന്ന് പത്ത് ബ്രാഞ്ച് കമ്മിറ്റികളിലായി അഞ്ഞൂറിലധികം പേരാണ് സിപിഎം വിട്ടത്. ശക്തിപ്രകടനവും പൊതുസമ്മേളനവും നടത്തി പ്രവർത്തകരെ സിപിെഎ സ്വീകരിച്ചു.
ബ്രാഞ്ച് സമ്മേളനങ്ങൾക്കിടെ മണ്ണൂരിലെ സിപിഎമ്മിനുണ്ടായ തിരിച്ചടി ചെറുതല്ല. മണ്ണൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് എൻ.ശങ്കരനാരായണൻ , ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി കെ.വി.രവീന്ദ്രൻ എന്നിവരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണ് സിപിഎം വിമതകൂട്ടായ്മയ്ക്ക് കാരണമായത്. വിമതർ സംഘടിതരായി സിപിെഎയിൽ ചേർന്നപ്പോൾ ഒരു ബ്രാഞ്ച് കമ്മിറ്റി മാത്രമുണ്ടായിരുന്ന സിപിെഎയ്ക് ഇപ്പോൾ പത്ത് ബ്രാഞ്ച് കമ്മിറ്റിയും ഒരു ലോക്കൽ കമ്മിറ്റിയും നിലവിൽവന്നു. ഇരുപത് ബ്രാഞ്ച് കമ്മിറ്റികളിലെ 298 അംഗങ്ങളിൽ പകുതിയും സിപിെഎയിൽ ചേർന്നു.
അനുഭാവികൾ ഉൾപ്പെടെ അഞ്ഞൂറിലധികം പേരുടെ സാന്നിധ്യം പൊതുസമ്മേളനത്തിലും പ്രകടമായി. പി.കൃഷ്ണപിളള സിപിെഎക്കാരനാണെന്ന് സിപിഎമ്മിനെ ഒാർമിപ്പിച്ചുകൊണ്ടാണ് സിപിെഎ സംസ്ഥാന കമ്മിറ്റി അംഗം വി.ചാമുണ്ണി സമ്മേളനം ഉദ്ഘാടനം ചെയ്തത്. വരുംദിവസങ്ങളിൽ യുവജന,കർഷക,തൊഴിലാളി സംഘടനകളുടെ രൂപീകരണവും നടക്കും