tg-mohandas

കേരളത്തിലെ ബിജെപി ഇന്‍റലക്ച്വൽ സെല്ലിന്‍റെ തലവനാണ് ടി.ജി.മോഹൻദാസ്. വിവാദ പ്രസ്താവനകളുടെ പേരിൽ സമൂഹമാധ്യമങ്ങളില്‍ ഒരുകൂട്ടത്തിന്‍റെ കയ്യടിയും മറുകൂട്ടത്തിന്‍റെ രോഷവും പരിഹാസവും എല്ലാം മോഹൻദാസ് ഏറ്റുവാങ്ങിയിട്ടുണ്ട്. സിപിഎമ്മിനെയും കോൺഗ്രസിനെയും വളഞ്ഞിട്ടാക്രമിക്കുന്ന, പരിഹസിക്കുന്ന ട്വീറ്റുകളാണ് ഏറെയും. സരസമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന പതിവുകാരനുമാണ് മോഹന്‍ദാസ്. 

സിന്ദൂരം തുടിക്കുന്ന തിരുനെറ്റിയില്‍ ഒരു ചുംബനം തന്നാല്‍ പിണങ്ങുമോ നീ? ടി.ജി.മോഹൻദാസിന്‍റെ കവിതാ ട്വീറ്റിനെ സമൂഹമാധ്യമങ്ങൾ കയ്യടിച്ചാണ് സ്വീകരിച്ചത്. ഒത്തിരി ട്രോളുകൾ ആ ട്വീറ്റുകൾ വാങ്ങി കൊടുക്കുകയും ചെയ്തു. ബിജെപി ഇന്റലക്ച്വൽ സെൽ തലവന്റെ പുതിയ ട്വീറ്റാണ് ഇപ്പോൾ വിമർശനവും രോഷവും ഏറ്റുവാങ്ങുന്നത്..  

രാജ്യത്ത് പശുകടത്തുമായി  നടന്ന ആൾക്കൂട്ട കൊലപാതകങ്ങളെ ന്യായീകരിച്ചായിരുന്നു ആദ്യ ട്വീറ്റ്

കേരളത്തിൽ മരുന്നിനു പോലും ശുദ്ധമായ പശുവിൻ പാൽ കിട്ടാനില്ല. ഉത്തരേന്ത്യയിലും താമസിയാതെ ഈ സ്ഥിതി വരും. ചുമ്മാതാണോ ജനം പശുക്കടത്തുകാരെ തല്ലിക്കൊല്ലുന്നത്! 

രാജസ്ഥാനിലെ ആൽവാർ ജില്ലയിൽ പശുക്കടത്ത് ആരോപിച്ച് ജനക്കൂട്ടം തല്ലിക്കൊന്നതിന്റെ മുറിവ് ഉണക്കുന്നതിനു മുൻപായിരുന്നു ടി.ജി മോഹൻദാസിന്‍റെ ട്വീറ്റ്. ആൾക്കൂട്ട മർദനത്തിൽ ക്രൂരമായി പരിക്കേറ്റ അക്ബർ ഖാനെ മരിക്കുന്നതിനു മുൻപ് നാലു മണിക്കൂറോളം പൊലീസ് കസ്റ്റഡിയിൽ വയ്ക്കുകയായിരുന്നു. ചായകുടിച്ചും പശുക്കളെ പരിചരിച്ചുമെല്ലാം അക്ബർ ഖാനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ആ ദാരുണ സംഭവത്തെ ലഘൂകരിച്ചുളള ട്വീറ്റ് വിമർശനങ്ങൾക്കൊപ്പം രോഷത്തിനും വഴിവച്ചു.

പാണ്ടിലോറിക്കു മുന്നിലെ തവള എന്നതിന്‍റെ സ്വാരസ്യം ശരിക്കും പിടികിട്ടിയത് ഇന്നാണ് :: മോഹൻലാലിനു മുമ്പിലെ സാംസ്കാരിക നക്കികളെ കണ്ടപ്പോൾ! 

കേരള സംസ്ഥാന അവാർഡ് പുരസ്കാര വിതരണ ചടങ്ങിലെ വിവാദങ്ങളോട് ഇത്തരത്തിലായിരുന്നു സമീപനം.

ആഴ്ചപ്പതിപ്പിലെ കഥയ്ക്കും വിമർശനം ഉണ്ടായി. ആ വിഷയത്തിൽ രമേശ് ചെന്നിത്തലയെയും ഭാര്യയേയും ആക്ഷേപിച്ചായിരുന്നു  ട്വീറ്റ്. തെരുവിൽ കലാപം നടത്താതെ ഹിന്ദുവിന് നീതി കിട്ടില്ലെന്ന വിവാദ പ്രസ്താവനയും അർത്തുങ്കൽ പളളിയെ കുറിച്ചുളള വർഗീയ പരമാർശനങ്ങളും നിരവധി വിമർശനങ്ങൾ ഏറ്റു വാങ്ങിയിരുന്നു.