ranni-missing

റാന്നി: വലിയതോട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ ഒഴുക്കിൽപെട്ടു കാണാതായി. ഈ വിവരം അറിഞ്ഞ് എത്തിയ അയൽവാസിയായ വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു. അങ്ങാടി ചെട്ടിമുക്ക് മുള്ളംകുഴി തടത്തിൽ ചാക്കോ ജോണിന്റെ മകൻ ജോൺ ചാക്കോയെയാണ് (മോനിഷ്–19) കാണാതായത്. എരുമേലി ഷേർമൗണ്ട് കോളജിൽ ഡിഗ്രി വിദ്യാർഥിയായിരുന്നു.

 

ഇട്ടിയപ്പാറ പരീത് സ്റ്റോഴ്സ് ഉടമ ചെട്ടിമുക്ക് കരിങ്കുറ്റി വടക്കേതിൽ എം.എം. പരീത് റാവുത്തർ (കുഞ്ഞുമോൻ, 68) ആണ് മോനിഷ് ഒഴുക്കിൽപെട്ട പുള്ളോലി പാലത്തിനു സമീപം നിൽക്കുമ്പോൾ കുഴഞ്ഞുവീണ് മരിച്ചത്.  നിർമാണത്തിലിക്കുന്ന പുള്ളോലി പാലത്തിനു സമീപം ഇന്നലെ വൈകിട്ട് 4 മണിയോടെ 2 സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയതാണ് മോനിഷ്.

 

വെള്ളത്തിലേക്ക് ചാടിയപ്പോൾ കാണാതാകുകയായിരുന്നു. നീന്തൽ വശമുണ്ടെങ്കിലും സമീപത്തെ തടയണയിലോ പൊളിച്ച പാലത്തിന്റെ അവശിഷ്ടങ്ങളിലോ തല ഇടിച്ചതാകാമെന്ന് കരുതുന്നു. ഇവിടെ നല്ല ഒഴുക്കുള്ള ഭാഗമാണ്. അഗ്നി രക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്ന് വൈകിട്ട് ആറര വരെ തിരഞ്ഞിട്ടും കണ്ടെത്താനായില്ല.

 

പിന്നീട് തിരച്ചിൽ നിർത്തി.തിരച്ചിൽ നടക്കുന്നതിനിടെ അഞ്ചു മണിയോടെയാണ് പരീത് റാവുത്തൽ കുഴഞ്ഞുവീണത്. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം ഇന്ന് 10ന് പേട്ട മുസ്‌ലിം ജുമാ മസ്ജിദിൽ. ഭാര്യ: കാഞ്ഞിരപ്പള്ളി മടുക്കോലിപറമ്പിൽ റംലാ ബീവി. മക്കൾ: നിഷാന, ആഷ്ന, സുബിൻ. മരുമക്കൾ: ഹാഷിം, മുഹമ്മദ്, ഷൈമ.