m-mukundan-book-release

ചെറുകഥകളാണ് മലയാളത്തിൽ ഏറ്റവും കൂടുതൽ  വായിക്കപ്പെടുന്നതെന്നും പരീക്ഷണങ്ങളും പുതുമകളും കൊണ്ട് ശ്രദ്ധേയമായ സാഹിത്യ ശാഖ കഥ തന്നെയെന്നും എഴുത്തുകാരൻ എം. മുകുന്ദന്‍. മാഹിയിൽ മയ്യഴി പുഴയുടെ തീരത്തു വെച്ച്  'കഥയുടെ പേജ്' ത്രൈമാസികയുടെ ആദ്യപതിപ്പ് യുവകഥാകൃത്ത് അബിന്‍ ജോസഫിനു നല്‍കി പ്രകാശനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.' കഥയും കഥയുടെ അനുബന്ധപ്രമേയങ്ങളും ആവിഷ്കരിക്കപ്പെടുന്നു എന്ന അപൂര്‍വ്വ പ്രത്യേകത  'കഥയുടെ പേജ്' എന്ന പ്രസിദ്ധീകരണത്തിനുണ്ട്. കഥയില്‍ പുതിയകാലത്ത് ആഖ്യാനത്തിനു വളരെ പ്രാധാന്യം കൈവന്നിട്ടുണ്ട്. ആഖ്യാനം തന്നെ കഥയായി മാറുന്നതുപോലും കാണാം. എഴുത്തുകാരന്‍റെ ഏകാന്തതയുടെ സൃഷ്ടിയായ കഥകള്‍ പ്രസിദ്ധീകരണത്തിനുശേഷവും ഒരു ജീവിതമായി വികസിക്കുന്നുണ്ട് '.അത്തരം വികാസങ്ങള്‍ക്കു സാക്ഷാത്കാരം നല്‍കുന്നു എന്നതാണ് ഈ പ്രസിദ്ധീകരണോദ്യമത്തെ സവിശേഷമാക്കിത്തീര്‍ക്കുന്നതെന്നും മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു. കോവിഡ് അടച്ചിരിപ്പു കാലത്തിന്‍റെ സർഗാത്മക വഴിയാണ് കഥയുടെ പേജെന്നും അദ്ദേഹം പറഞ്ഞു. 

'കൂടുതല്‍ പേര്‍ക്ക് കഥ എഴുതാനും വായിക്കാനുമുള്ള വ്യത്യസ്തമായൊരിടമാണ് ഈ മാഗസിനെന്ന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ  ഈ വർഷത്തെ യുവ പുരസ്കാർ ജേതാവുകൂടിയായ  അബിന്‍ ജോസഫ് പറഞ്ഞു. എന്‍റെ ഏറ്റവും പുതിയ കഥയായ 'റോംകാരം ' ഇതിലുണ്ട്, കഥയുടെ പുതിയ താളുകളിൽ അതു അച്ചടിച്ചു വരുന്നതിൻ്റെ ആവേശത്തിലാണ് ഞാൻ– അബിന്‍ പറഞ്ഞു.

ആദ്യമലയാള കഥയായ 'വാസനാ വികൃതി'യുടെ കർത്താവായ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ ജന്മദേശമായ പെരിഞ്ചല്ലൂരില്‍ നിന്നും (തളിപ്പറമ്പിന്‍റെ പഴയ പേര്) സാഹിത്യ-സാംസ്കാരിക തല്‍പരരുടെ കൂട്ടായ്മയായ ക്രിയേറ്റീവ് സൈക്കിളിന്‍റെ നേതൃത്വത്തിലാണ് യുവകഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ വി.എച്ച്.നിഷാദ് ഹോണററി എഡിറ്ററായിട്ടുള്ള കഥയുടെ പേജ് ത്രൈമാസിക പ്രസിദ്ധീകരിക്കുന്നത്. കഥകൾ, കുറുങ്കഥകൾ, കഥയെഴുത്തിന്‍റെ പിന്നാമ്പുറക്കഥകൾ, വായനക്കഥകൾ.. ഇങ്ങനെ കഥയെ ആഘോഷിക്കുന്ന നിരവധി വിഭവങ്ങളാണ് കഥകൾക്കു മാത്രമായുള്ള 'കഥയുടെ പേജ്' എന്ന മാഗസിനിൽ ഉള്ളത്.

'പല തലമുറയിൽ പെട്ടവരെ കഥകൾക്കായി  ഒരുമിച്ചു ചേർക്കുകയാണ്. മലയാള കഥയിൽ വ്യത്യാസമുള്ള ചിലത് ചെയ്യാനുള്ള ശ്രമം കൂടിയാണിത്, ' കഥയുടെ പേജിനെ പറ്റി വി.എച്ച്.നിഷാദ് പറയുന്നു.

ആദ്യ ലക്കത്തില്‍ ടി.പത്മനാഭന്‍, എം. മുകുന്ദന്‍, സച്ചിദാനന്ദന്‍, കെ.ആര്‍. മീര,  പി.കെ.പാറക്കടവ്, ടി.ഡി. രാമകൃഷ്ണന്‍, വി.ആര്‍ സുധീഷ്, ഒ.വി.ഉഷ, അയ്മനം ജോണ്‍, വി.എസ്. അനില്‍കുമാര്‍, ഇ.പി. രാജഗോപാലൻ, അംബികാസുതന്‍ മാങ്ങാട്, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, കെ രേഖ, മധുപാൽ   തുടങ്ങിയ പ്രമുഖരും പുതുതലമുറ എഴുത്തുകാരും കഥകളും കഥാവിശേഷങ്ങളുമായി വരുന്നു. പുതിയ കഥ, പ്രണയകഥ, ഗ്രാഫിക്-കഥ, മലയോരകഥ, പരീക്ഷണകഥ, പ്രവാസകഥ തുടങ്ങി വ്യത്യസ്ത കഥാ വിഭാഗങ്ങളും  ഇ.പി. രാജഗോപാലിന്‍റെ 'കഥാസ്ഥലം ',  സുനില്‍ സി.ഇയുടെ 'കഥാപാത്രം',  അജീഷ് ജി ദത്തൻ്റെ 'കഥാ ശരീരം' തുടങ്ങിയ  പംക്തികളും കഥയുടെ പേജിനെ വേറിട്ടതാക്കുന്നു.

മാഹിയിൽ വെച്ചു നടന്ന പ്രകാശന ചടങ്ങിൽ 'കഥയുടെ പേജി'ൻ്റെ  ഹോണററി -ലിറ്റററി എഡിറ്റർ വി എച്ച് നിഷാദ്, ഡിസൈൻ എഡിറ്റർ ജോജു ഗോവിന്ദ്, മർജാൻ കെ മറിയം, ജിജു ഗോവിന്ദൻ, അബിൻ ക്രിസ്റ്റി ടൈറ്റസ് എന്നിവർ പങ്കെടുത്തു.