mc-road-accident

 

എംസി റോഡിലെ മരണവളവായി മൂവാറ്റുപുഴ ഈസ്റ്റ് മാറാടിയിലെ പള്ളിക്കവല. ഒരാഴ്ചക്കുള്ളില്‍ ഇവിടെയുണ്ടായ വാഹനാപകടങ്ങളില്‍ മാത്രം പൊലിഞ്ഞത് 6 ജീവന്‍. റോഡ് നിര്‍മാണത്തില്‍ പൊതുമരാമത്ത് വകുപ്പും കെഎസ്്ടിപിയും വരുത്തിയ അപാകതയാണ് എംസി റോഡിെല ഈ ഭാഗത്ത് സ്ഥിരം അപകടങ്ങളുണ്ടാകാന്‍ കാരണമെന്നാണ് പരാതി. അപകടം പതിവായിട്ടും ഇവിടെ സൂചനാ ബോര്‍ഡ് പോലും സ്ഥാപിക്കാന്‍ പൊതുമരാമത്ത് വകുപ്പ് തയാറായിട്ടില്ല. 

മൂവാറ്റുപുഴ ഈസ്റ്റ് മാറാടി പള്ളിക്കവല ഭാഗത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അപകടങ്ങളില്‍ തകര്‍ന്ന വാഹനങ്ങളാണിത്. മാര്‍ച്ച് 1,2 തിയതികളിലെ അപകടങ്ങളില്‍ മാത്രം മരിച്ചത് ആറ് പേര്‍. ഈ ഭാഗത്ത് മാത്രം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയുണ്ടായ വാഹനാപകടങ്ങളില്‍ 25ലേറെ പേരാണ് മരിച്ചത്. വളവുകളിലാണ് ജീവനെടുക്കുന്ന അപകടങ്ങള്‍ പതിയിരിക്കുന്നതും. 

എംസി റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി തയാറാക്കിയ അലൈന്‍മെന്റ് അനുസരിച്ചല്ല കെഎസ്ടിപി റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. വലിയ വളവുകുള്ള ഭാഗങ്ങളിലെ വളവുകള്‍ നികത്തുന്നതിനായി ഭൂമി ഏറ്റെടുത്ത് സ്ഥലമുടമകള്‍ക്ക് പണവും നല്‍കിയിരുന്നു. റോഡ് നിര്‍മാണം വൈകിയപ്പോള്‍ പലരും സർവേക്കല്ലുകള്‍ മാറ്റി സ്ഥാപിച്ചു. റോഡ് നിര്‍മാണം ആരംഭിച്ചപ്പോള്‍ രാഷ്ട്രീയപ്രവര്‍ത്തകരടക്കം ഇക്കാര്യം പൊതുമരാമത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അവര്‍ ചെവിക്കൊണ്ടില്ല. അപകടങ്ങള്‍ തുടര്ക്കഥയായതോടെ പൊതുമരാമത്ത് മന്ത്രിയെ നേരില്‍കണ്ട് പരാതി നല്‍കാനൊരുങ്ങുകയാണ് മാറാടി പഞ്ചായത്ത് അധികൃതര്‍അപകടങ്ങള്‍ ഏറെയും രാത്രി കാലങ്ങളിലും പുലര്‍ച്ചെയുമാണ് സംഭവിക്കുന്നത്.  അപകടങ്ങളില്‍‍ ഇത്രയേറെ ജീവനകള്‍ പൊലിഞ്ഞിട്ടും പാതയോരത്ത് അപായസൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പോലും പൊതുമരാമത്ത് വകുപ്പ് തയാറായിട്ടില്ല.