പച്ചപ്പു കണ്ട് പെര്‍ത്തില്‍ ഇറങ്ങിയ ഇന്ത്യ പെട്ടു. പേസര്‍മാരുടെ പറുദീസ എന്നറിയപ്പെടുന്ന പെര്‍ത്തിലെ പച്ചപ്പ് നിറഞ്ഞ പുതിയ പിച്ചില്‍ ഇന്ത്യ കണക്കുകൂട്ടല്‍ തെറ്റി. പേസിനു അനുകൂലം എന്ന് കണ്ട് സ്പെഷലിസ്റ്റ് സ്പിന്നര്‍ക്കുപകരം പേസറെ ടീമില്‍ ഉള്‍പ്പെടുത്തി. അശ്വിനു പരുക്കുമൂലം പുറത്തിരിക്കേണ്ടിവന്നപ്പോള്‍ പകരം രവീന്ദ്ര ജഡേജ എത്തുെമന്ന് കരുതി. എന്നാല്‍ പിച്ചിലെ പച്ചപ്പ് കണ്ട ഇന്ത്യ ഉമേഷ് യാദവിനെ ടീമിലെടുത്തു. പാര്‍ട് ടൈം സ്പിന്‍ ബോളറായി ഹനുമാ വിഹാരി ടീമിലെത്തി. ഓസ്ട്രേലിയയാവട്ടെ അവരുടെ സ്പിന്നര്‍ നേഥന്‍ ലിയോണെ പെര്‍ത്തിലും കൂട്ടുപിടിച്ചു.
കുക്കുമ്പുറ പന്തും ലിയോണും
ഇംഗ്ലണ്ടില്‍ ഉപയോഗിച്ച ഡ്യൂക്ക് പന്തുകള്‍ പിച്ചില്‍ കുത്തിയശേഷം ഇടത്തോട്ടും വലത്തോട്ടും മൂളിപ്പറക്കുന്നതില്‍ തിടുക്കം കൂട്ടിയെങ്കില്‍ ഓസ്ട്രേലിയയില്‍ ഉപയോഗിക്കുന്ന കുക്കുമ്പുറ പന്തുകള്‍ ആദ്യ ഇരുപത് ഓവറുകള്‍ കഴിയുമ്പോഴേക്കും അതിന്റെ കാഠിന്യം കുറയും, പന്ത് മൃദുവാകും. അപ്പോള്‍ സ്പിന്‍ ബോളര്‍മാര്‍ക്ക് അനുകൂലമായി മാറും പന്തിന്റെ സ്വഭാവം. ഒപ്പം മല്‍സരം പുരോഗമിക്കുമ്പോള്‍ പിച്ചില്‍ വിള്ളലുകള്‍ രൂപപ്പെടുന്നതും മധ്യഓവറുകളില്‍ സ്പിന്നര്‍മാര്‍ക്ക് നേട്ടമാകും. പെര്‍ത്തിലെ ഒന്നാം ഇന്നിങ്സില്‍ ലിയോണും ഓസ്ട്രേലിയയും പ്രയോഗിച്ച് ഈ ട്രിക്കാണ്. പുതിയ പന്തില്‍ പേസര്‍മാര്‍ കരവിരുത് തെളിയിച്ചുകഴിഞ്ഞാല്‍ ലിയോണ്‍ ഏറ്റെടുക്കും ബോളിങ്.
ഇന്ത്യയുടെ ഒന്നാം ഇന്നിങ്സിലെ അഞ്ചുവിക്കറ്റുകള്‍ പിഴുത് ലിയോണ്‍ ടീമിന് ലീഡ് നേടിക്കൊടുത്തു. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സില്‍ വിരാട് കോഹ്‌ലിയും മുരളി വിജയും കാര്യങ്ങള്‍ മുന്നോട്ടുനീക്കുന്നതു കണ്ടപ്പോള്‍ ക്യാപ്റ്റന്‍ ടിം പെയ്ന്‍ സ്പിന്നര്‍ നേഥന്‍ ലയണെ വിളിച്ചു. ഓഫ് സ്റ്റംപിനു പുറത്ത് മികച്ച ലൈനില്‍ പന്തെറിഞ്ഞ ലിയോണ്‍ പന്തില്‍ വരുത്തിയ വ്യതിയാനം ഇന്ത്യയുടെ വിക്കറ്റ് പിഴുതു. കോഹ്‌ലിയും വിജയും പുറത്തായി. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സില്‍ അഞ്ചു വിക്കറ്റ് പിഴുതശേഷം ലിയോണ്‍ പറഞ്ഞത് ഇന്ത്യ സ്പെഷലിസ്റ്റ് സ്പിന്നറെ മിസ് ചെയ്തതില്‍ വിഷമിക്കുന്നുണ്ടാവും എന്നാണ്.