നീലാകാശം മഞ്ഞയില്‍ അമര്ന്നപ്പോള് ലിയോ വീണ്ടും കണ്ണീര്‍വാര്‍ത്തു, ഒപ്പം അവനെ സ്നേഹിക്കുന്നവരും ഫുട്ബോളിനെ സ്നേഹിക്കുന്നവരും. ബാര്‍സിലോനയുടെ ജെഴ്സിയില്‍ നേടാത്ത കപ്പൊന്നുമില്ല, പക്ഷെ ദേശീയ കുപ്പായത്തില്‍ കിരീടത്തിനായുള്ള മിശിഹായുടെ കാത്തിരിപ്പ് നീളുകയാണ്. വീര്യം പകരുന്ന കവിതകളും എഴുത്തുകളും നല്കുന്ന ആവേശവും വിപ്ലവും ഓരോ അര്‍ജന്റീനക്കാരന്റെ കാലുകളിലേക്കും നെഞ്ചിലേക്കുമാണ് എത്തുക. സര്‍ഗഭാവനയുടെ സൗന്ദര്യം ഏറ്റവും മനോഹരമായി മൈതാനത്ത് അവതരിപ്പിക്കുന്നത് നീലയും വെള്ളയും വരകളുള്ള കുപ്പായക്കാര്‍ തന്നെ. അതിലെ മൂര്‍ത്തരൂപമാണ് ലയണല്‍ മെസി. ഫുട്ബോള്‍ ലോകകപ്പിലും കോപ്പയിലും ഫൈനല്‍ കളിച്ചിട്ടും കിരീടം മാത്രം മെസിയുടെ കയ്യില്‍ നിന്ന് വഴുതുകയാണ്. 2016ലെ കോപാ ഫൈനലില്‍ തോറ്റുമടങ്ങുമ്പോള്‍ ഇനിയീ നീലയും വെള്ളയും കുപ്പായം അണിയില്ലെന്ന് മെസി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വൈകാതെ തീരുമാനം മാറ്റി മെസി വീണ്ടും കളത്തിലെത്തി, വെള്ളയും നീലയും വരകളില്‍ നിറഞ്ഞു.
മെസിക്ക് കിരീടമില്ല
2005ല്‍ അര്‍ജന്റീനയ്ക്കായി കളിച്ചുതുടങ്ങിയ മെസിയുടെ പേരിലുള്ള ഏകകിരീടനേട്ടം. 2008ലെ ഒളിംപിക്സില്‍ നേടിയ സ്വര്ണമെഡല്മാത്രമാണ്. ലോകകപ്പോ ലാറ്റിനമേരിക്കയുടെ ലോകകപ്പായ കോപയോ ഇല്ല. 2005ല്‍ അണ്ടര്‍ 20 ലോകകപ്പ് ഫുട്ബോള്‍ കിരീടം നേടിയാണ് മെസി സീനയര്‍ ടീമിലേയ്ക്ക് എത്തിയത്. 2014ലെബ്രസീല് ലോകകപ്പില്‍ കപ്പിനും ചുണ്ടിനും ഇടയിലാണ് മെസിക്കും കൂട്ടര്‍ക്കും ലോകകിരീടം നഷ്ടമായത്. ജര്‍മനിയുടെ ശാസ്ത്രീയ ഫുട്ബോളില്‍ തകര്‍ന്നടിഞ്ഞത് മെസിയുടെ മാത്രമല്ല, ലോകമെങ്ങുമുള്ള അര്‍ജന്റീനയുടെ ആരാധകരുടെ സ്വപ്നമാണ്.
ബാര്‍സിലോനയുടെ ജേഴ്സിയില്‍ റെക്കോര്‍ഡുകളും കിരിടങ്ങളും മെസിയെ തേടിയെത്തുകയാണ്. വിവിധരാജ്യാന്തര ടൂര്‍ണമെന്റുകളില്‍ നാലുതവണയും തോറ്റുമടങ്ങാനായിരുന്നു വിധി. അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ ഗോളടിച്ച മെസിയാണ് ഒരു കിരീടത്തിനായി ദാഹിക്കുന്നത്. അഞ്ചു തവണ ബാലണ്‍ ഡി ഓറും യുവേഫ പ്ലയര്‍ അവാര്‍ഡും സ്വന്തമാക്കിയ മെസി ദേശീയ ടീമിനായി 134 മല്‍സരങ്ങളില്‍ നിന്ന് 68 ഗോള്‍ കുറിച്ചു.
ലോകകപ്പിന്റെ ഫൈനലില്‍ യൂറോപ്പിന്റെ സാങ്കേതികമികവിലും ശാസ്ത്രീയതയിലുമാണ് തട്ടി വീണതെങ്കില്‍ കോപ അമേരിക്കയില്‍ മൂന്നുവട്ടം മെസിയും കൂട്ടരും നെഞ്ചുംതല്ലി വീണു. 2007ല്‍ കോപ അമേരിക്കയില്‍ കിരീടപോരാട്ടത്തില്‍ ബ്രസീലിനോട് തോറ്റുമടങ്ങാനായിരുന്നു വിധി. പിന്നീട് അര്‍ജന്റീനയെ നയിച്ച് 2015ല്‍ കോപയിലെത്തി. അന്നും ഇടറി വീണു. പിന്നാലെ 2016ലെ കോപ അമേരിക്ക സെന്റിനറി കപ്പില്‍ ചിലെക്കു മുന്നില്‍ വീണ്ടും മുട്ടുമടക്കി. 2019ലെ കോപ അമേരിക്കയില്‍ കപ്പുയര്‍ത്താനായി മെസി വീണ്ടും ബൂട്ടുകെട്ടി. എന്നാല്‍ സെമിയില്‍ ബദ്ധവൈരികളായ ബ്രീസിലിനോട് തോറ്റ് മടങ്ങി. കാത്തിരിപ്പ് നീളുകയാണ്. 2022ല്‍ ഫുട്ബോളിലെ മിശിഹായ്ക്ക് ലാറ്റിനമേരിക്കന്‍ വിപ്ലവക്കൊടി പാറിക്കാനാകുമോ?