sajila-salim-singer

മാപ്പിളപ്പാട്ട് പാടിയില്ലെങ്കിൽ അടിച്ചോടിക്കുമെന്നു പരസ്യമായി ഭീഷണിപ്പെടുത്തിയ ആളെ ശകാരിച്ച് ഗായിക സജില സലിം. ഈരാറ്റുപേട്ടയിൽ നടന്ന ‘നഗരോത്സവം’ പരിപാടിയിലായിരുന്നു സംഭവം. വേദിയിൽ പാട്ടുകൾ തുടർച്ചയായി പാടിക്കൊണ്ടിരിക്കുകയായിരുന്നു സജില. അതിനിടെ മാപ്പിളപ്പാട്ട് പാടിയില്ലെങ്കിൽ അടിച്ചോടിക്കുമെന്ന് കാണികളിലൊരാൾ സദസ്സിൽ നിന്നു വിളിച്ചു പറഞ്ഞു. ‌ഇതിൽ അനിഷ്ടം തോന്നിയ ഗായിക വേദിയിൽ വച്ചു തന്നെ പ്രതികരിച്ചു. അതു പറഞ്ഞയാളോടു സ്റ്റേജിലേക്കു കയറി വരാൻ പറഞ്ഞ സജില, ആരോടും ഇത്തരമൊരു സമീപനം പാടില്ലെന്ന് ശക്തമായ ഭാഷയിൽ ഓർമിപ്പിച്ചു.

 

‘സംഗീതപരിപാടി അവതരിപ്പിക്കാൻ വേണ്ടി ക്ഷണിച്ചപ്പോൾ മാപ്പിളപ്പാട്ട് മാത്രം മതിയെന്നു പറഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ എല്ലാ പാട്ടുകളും ഇടകലർത്തിയാണു പാടുന്നത്. എല്ലാത്തരം പാട്ടുകളും കേൾക്കാൻ ഇഷ്ടമുള്ളവർ തന്നെയാണല്ലോ ഇവിടെ പരിപാടി കാണാൻ വന്നിരിക്കുന്നത്. അപ്പോൾ പാട്ട് പാടിയാല്‍ അടിച്ചോടിക്കുമെന്നു പറ‍യുന്നത് ഞങ്ങൾക്കു വലിയ ഇൻസൽട്ട് ആണ്. ഇതിനെതിരെ പ്രതികരിച്ചില്ലെങ്കിൽ ഒന്നമല്ലാതായിപ്പോകും. അതുകൊണ്ടാണ് ഞാനിത് സ്റ്റേജിൽ വച്ചു തന്നെ പറയുന്നത്. ഇത് പറയാതിരിക്കാൻ പറ്റില്ല. കുറേ നേരമായി ഇക്കാര്യം കേട്ടുകൊണ്ടിരിക്കുകയാണ്. ആരോടും ഇങ്ങനെയൊരു പെരുമാറ്റം പാടില്ല. നിങ്ങളെ ആസ്വദിപ്പിക്കാൻ വേണ്ടിയാണ് ഞങ്ങൾ പാട്ടു പാടുന്നത്’, സജില സലിം പറഞ്ഞു.

 

സജിലയ്ക്കു മറ്റു കാണികളിൽ നിന്നും വലിയ തോതിലുള്ള പിന്തുണയാണു ലഭിച്ചത്. വീണ്ടും പാട്ടു തുടർന്ന ഗായികയെ വേദിയിലും സദസ്സിലുമുള്ളവർ കരഘോഷത്തോടെ സ്വീകരിച്ചു. സംഭവത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. നിരവധി പേരാണ് അഭിപ്രായങ്ങൾ അറിയിക്കുന്നത്. സജിലയുടെ പ്രതികരണത്തെ പ്രശംസിച്ചു നിരവധി പേർ രംഗത്തെത്തി. അതേസമയം പരസ്യമായി ശകാരിച്ചതിനു ചിലർ ഗായികയെ വിമർശിക്കുന്നുമുണ്ട്. 

 

പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ കണ്ണൂർ സലീമിന്റെ മകളാണ് സജില. ഗാനമേള വേദിയിലും സിനിമാ മേഖലയിലും പാട്ടുമായി സജീവമാണ് സജിലയും സഹോദരങ്ങളും.