കുഞ്ഞിലേ കൂട്ടായവര്‍... ഒപ്പം കളിച്ച്, പഠിച്ച് വളര്‍ന്നവര്‍... ആ നാലുപേര്‍ – ഇര്‍ഫാന, നിദ, റിദ, ആയിഷ. ഒടുവില്‍ അവരൊരുമിച്ച് മടങ്ങി. ഇനിയൊരു തിരിച്ചുവരവില്ലാതെ. ഉള്ളുലഞ്ഞ്, നെഞ്ചുപൊട്ടി, കണ്ണീര്‍പ്പൂക്കളില്‍ നാട് യാത്രാമൊഴിയേകി. പാലക്കാട് കരിമ്പ പനനംപാടി വളവില്‍ ലോറി ദേഹത്തേക്കുവീണ് മരിച്ച നാലുപെണ്‍കുട്ടികളുടെയും മൃതദേഹങ്ങള്‍ പുലര്‍ച്ചെ അഞ്ചിന് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് ബന്ധുക്കള്‍ക്ക് കൈമാറി. ആംബുലന്‍സില്‍ വീടുകളിലേക്ക്. തലേന്ന് പരീക്ഷയെഴുതാന്‍ വീട്ടില്‍നിന്നിറങ്ങിയ പൊന്നുമക്കളുടെ ചേതനയറ്റ ശരീരങ്ങള്‍ വീടുകളിലെത്തിയപ്പോള്‍ അലമുറയിട്ടുകരഞ്ഞു ഉറ്റവര്‍. എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ വിങ്ങിപ്പൊട്ടി വന്നവരെല്ലാം.