പെര്‍ത്ത് ടെസ്റ്റില്‍ ഹര്‍ഷിത് റാണയോട് സംസാരിക്കുന്ന മിച്ചല്‍ സ്റ്റാര്‍ക്

ബോര്‍ഡര്‍–ഗവാസ്കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയ പതറുകയാണ്. ആദ്യ ഇന്നിങ്സില്‍ വെറും 104 റണ്‍സിന് പുറത്തായി 46 റണ്‍സിന്‍റെ ലീഡ് വഴങ്ങിയ ആതിഥേയര്‍ക്ക് തിരിച്ചുവരവ് കനത്ത വെല്ലുവിളിയാണ്. ഓസ്ട്രേലിയ സ്വന്തം മണ്ണില്‍ കുറിക്കുന്ന ഏറ്റവും ചെറിയ അഞ്ചാമത്തെ ടെസ്റ്റ് സ്കോറായിരുന്നു പെര്‍ത്തിലേത്. ഈ ഇന്നിങ്സില്‍ ടോപ് സ്കോററായത് പേസ് ബോളര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ്. ഇന്ത്യന്‍ പേസര്‍മാര്‍ കൊടികുത്തിവാണ പിച്ചില്‍ സ്റ്റാര്‍ക്കിന്‍റെ 112 പന്തുകള്‍ നേരിട്ടു. അരങ്ങേറ്റക്കാരന്‍ ഹര്‍ഷിത് റാണയുടെ തീപാറുന്ന പന്തുകള്‍ സ്റ്റാര്‍ക് ഉള്‍പ്പെടെയുള്ള ഓസ്ട്രേലിയന്‍ ബാറ്റര്‍മാരെ കുഴക്കി. ഒരുതവണ കുത്തിയുയര്‍ന്ന പന്ത് കഷ്ടപ്പെട്ട് സ്ലിപ്പിലേക്ക് തിരിച്ചുവിട്ട സ്റ്റാര്‍ക് റാണയെ ചെറുതായൊന്ന് വിരട്ടാന്‍ നോക്കി.

പെര്‍ത്ത് ടെസ്റ്റിനിടെ ഹര്‍ഷിത് റാണയും മിച്ചല്‍ സ്റ്റാര്‍ക്കും

‘നിന്നെക്കാള്‍ വേഗത്തില്‍ പന്തെറിയാന്‍ എനിക്കറിയാം. നല്ല ഓര്‍മയുമുണ്ട്. ഇത് ഞാന്‍ ഓര്‍ത്തുവയ്ക്കും...’ ബാറ്റ് കൊണ്ട് ചെയ്യാന്‍ കഴിയാത്തത് വാക്കുകൊണ്ട് ചെയ്യാന്‍ ശ്രമിക്കുന്ന ഓസ്ട്രേലിയന്‍ ശൈലിയുടെ തീരെ ചെറിയൊരു പതിപ്പ്! സ്റ്റാര്‍ക്കിന്‍റെ വിരട്ടലിനെ ഹര്‍ഷിത് പക്ഷേ ചിരിച്ചുകൊണ്ടാണ് നേരിട്ടത്. സ്റ്റാര്‍ക്കിനെ ഋഷഭ് പന്തിന്‍റെ കൈകളിലെത്തിച്ച് ഭീഷണിക്ക് മറുപടിയും നല്‍കി. ഒന്നാമിന്നിങ്സില്‍ ഹര്‍ഷിത് 15.2 ഓവറില്‍ 28 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തി. സ്റ്റാര്‍ക്കും ട്രാവിസ് ഹെഡും നേഥന്‍ ലിയോണുമായിരുന്നു ഇരകള്‍.

ഒന്നാമിന്നിങ്സില്‍ വെറും 150 റണ്‍സിന് പുറത്തായ ഇന്ത്യയെ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയുടെ തീപാറും ബോളിങ്ങാണ് മല്‍സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ബുംറ 18 ഓവറില്‍ 30 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റ് വീഴ്ത്തി. രണ്ടാമിന്നിങ്സില്‍ ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും കെ.എല്‍.രാഹുലും ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കി. കാര്യമായ വിക്കറ്റ് നഷ്ടമില്ലാതെ രണ്ടാദിവസം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് മികച്ച ലീഡ് പ്രതീക്ഷിക്കാം.

ENGLISH SUMMARY:

Australia struggled in the first Test of the Border-Gavaskar Trophy, getting bowled out for just 104 runs in their first innings, giving India a 46-run lead. Debutant Harshit Rana rattled the Australian batting lineup, including Mitchell Starc, who attempted to intimidate him with a verbal taunt but was met with a composed response. Starc’s 112-ball effort made him the top scorer for Australia, highlighting their batting woes. India’s captain Jasprit Bumrah’s 5-wicket haul and solid contributions from openers Yashasvi Jaiswal and KL Rahul in the second innings gave India a strong foothold in the match.