Image Credit: BCCI domestic

സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ തകര്‍പ്പന്‍ ഫോമില്‍ ഹര്‍ദിക് പാണ്ഡ്യ. ബറോഡയ്ക്കായി കളത്തിലിറങ്ങിയ താരം ത്രിപുരയ്ക്കെതിരെ ഒരോവറില്‍ നാലു സിക്സര്‍ സഹിതം 28 റണ്‍സെടുത്തു.

23 പന്തില്‍ 47 റണ്‍സ് പ്രകടനവുമായി പാണ്ഡ്യ തിളങ്ങിയ മത്സരത്തില്‍ ഏഴു വിക്കറ്റിനാണ് ബറോഡ ത്രിപുരയെ തോല്‍പ്പിച്ചത്. 110 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ബറോഡ ഹര്‍ദ്ദിക്കിന്‍റെ ബാറ്റിങ് മികവില്‍ 11.2 ഓവറില്‍ മത്സരം പൂര്‍ത്തിയാക്കി  

ത്രിപുരയുടെ സ്പിന്നര്‍ പി സുല്‍ത്താന്‍റെ ഓവറില്‍ 6,0,6,6,4,6 എന്നിങ്ങനെയാണ് പാണ്ഡ്യയുടെ സ്കോറിങ്. കഴിഞ്ഞ മത്സരത്തില്‍ തമിഴ്നാടിനെതിരെയും പാണ്ഡ്യ തകര്‍ത്തടിച്ചിരുന്നു. 30 പന്തില്‍ 69 റണ്‍സാണ് താരം നേടിയത്. ഒരോവറില്‍ 29 റണ്‍സാണ് നേടിയത്. ചെന്നൈ സൂപ്പർ കിങ്സ് താരലേലത്തില്‍ സ്വന്തമാക്കിയ ഗുർജപ്‌നീത് സിംഗിനെതിരായിരുന്നു ഹര്‍ദിക്കിന്‍റെ ബാറ്റിങ് ആക്രമണം. 

ഉത്തരാഖണ്ഡിനെതിരെ 21 പന്തില്‍ 41 റണ്‍സ്, ഗുജറാത്തിനെതിരെ 35 പന്തില്‍ 74 റണ്‍സ് എന്നിങ്ങനെയാണ് സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ പാണ്ഡ്യയുടെ സ്കോറിങ്. ഗ്രൂപ്പ് ബിയില്‍ നാലില്‍ നാലും ജയിച്ച ബറോഡയാണ് ഒന്നാമത്. കൃണാല്‍ പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ മത്സരിക്കുന്ന ബറോഡയ്ക്ക് കീഴില്‍ 2018-19 സീസണ് ശേഷം ആദ്യമായാണ് ഹര്‍ദിക് കളിക്കുന്നത്. 

Also Read: ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതം; ബാറ്റ്സ്മാന് ദാരുണാന്ത്യം; നടുക്കം

സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കൃണാല്‍ പാണ്ഡ്യയ്ക്ക് കീഴില്‍ 2023-24 സീസണില്‍ ഫൈനലിലെത്തിയ ബറോഡ പഞ്ചാബിനോട് തോറ്റിരുന്നു. 2018-19 സീസണിലാണ് ഹര്‍ദിക് അവസാനമായി ബറോഡയ്ക്കായി കളിച്ചത്. 2016 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്നതിന് മുന്‍പായാണ് ഹര്‍ദിക്  സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കളിച്ചത്.