ചാംപ്യന്‍സ് ട്രോഫി മല്‍സരങ്ങള്‍ക്കായി ഹൈബ്രിഡ് രീതി അവലംബിക്കാമെന്ന നിര്‍ദേശം അംഗീകരിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍. പാക്കിസ്ഥാനിലും ദുബായിലുമായാകും ഇതനുസരിച്ച് ചാംപ്യന്‍സ് ട്രോഫി മല്‍സരങ്ങള്‍ നടക്കുക. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ പാക്കിസ്ഥാനിലേക്ക് ഇല്ലെന്ന നിലപാടെടുത്തത്. 

ചാംപ്യന്‍സ് ട്രോഫി 2025ന്‍റെ ചട്ടങ്ങള്‍ അംഗീകരിച്ച പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്, 2026 ല്‍ പാക് ടീം ഇന്ത്യയിലേക്കും വരില്ലെന്നും മല്‍സരങ്ങള്‍ കൊളംബോയില്‍ നടത്തണമെന്നും വ്യക്തമാക്കി. പാക്കിസ്ഥാനിലേക്ക് ഇന്ത്യ കളിക്കാനെത്താത്തതിന് നഷ്ടപരിഹാരം വേണമെന്ന ആവശ്യം ഐസിസി തള്ളി. 2027ന് ശേഷം ഐസിസിയുടെ വനിതാ ടൂര്‍ണമെന്‍റ് നടത്താനുള്ള അനുമതിയും പിസിബി നേടി. 

പാക്കിസ്ഥാനിലെ മൂന്ന് വേദികളിലും ഇന്ത്യയുടെ മല്‍സരങ്ങള്‍ ദുബായിലുമായാകും നടക്കുക. ഇന്ത്യയില്‍ നടക്കുന്ന ഐസിസി ടൂര്‍ണമെന്‍റുകളിലും ഹൈബ്രിഡ് മോഡല്‍ വേണമെന്ന പിസിബി ആവശ്യത്തെ ബിസിസിഐ നേരത്തെ തള്ളിയിരുന്നു. ഇന്ത്യയില്‍  സുരക്ഷാപ്രശ്നങ്ങളൊന്നുമില്ലെന്ന് ബിസിസിഐ വ്യക്തമാക്കുകയും ചെയ്തിരുന്നു. 

സുരക്ഷാ–രാഷ്ട്രീയ കാരണങ്ങളെ ചൊല്ലി ഇന്ത്യ ഇടഞ്ഞതോടെ പാക്കിസ്ഥാനും കടുത്ത നിലപാടാണെടുത്തത്. ഇതോടെ ചാംപ്യന്‍സ് ട്രോഫി തന്നെ ഉപേക്ഷിക്കേണ്ടി  വരുമോയെന്ന ആശങ്കകളും ഉയര്‍ന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ചാംപ്യന്‍സ് ട്രോഫിക്കായി വന്‍തുക ചെലവഴിച്ചാണ് പാക്കിസ്ഥാന്‍ സ്റ്റേഡിയങ്ങളടക്കം നന്നാക്കിയത്. 

ചാംപ്യന്‍സ് ട്രോഫി എന്ന്?

കരട് പ്ലാന്‍ അനുസരിച്ച് 2025 ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒന്‍പത് വരെയാകും ചാംപ്യന്‍സ് ട്രോഫി മല്‍സരങ്ങള്‍ നടക്കുക. രണ്ട് ഗ്രൂപ്പുകളിലായി എട്ടുടീമുകളും ഉണ്ടാകും. രണ്ട് ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ വീതം സെമിയിലും അതില്‍ ജയിക്കുന്നവര്‍ ഫൈനലിലേക്കും എത്തും. 50 ഓവറുകളുള്ളതാകും മല്‍സരം. 2023ലെ ഏഷ്യാകപ്പിലും ഇന്ത്യ പാക്കിസ്ഥാനില്‍ കളിക്കാന്‍ പോയിരുന്നില്ല. പകരം ഇന്ത്യയുടെ ലീഗ് മല്‍സരങ്ങള്‍ കൊളംബോയിലായിരുന്നു നടന്നത്. 

ENGLISH SUMMARY:

Champions Trophy 2025: ICC approves hybrid model, Pakistan denies to travel to India in 2026 - all you need to know