ബോര്‍ഡര്‍–ഗവാസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പര തുടങ്ങിയിടത്ത് തിരിച്ചെത്തി. ഇരുടീമുകളും ഓരോ മല്‍സരം വിജയിച്ച് തുല്യനിലയില്‍. ഇതില്‍ ഒരു ടീം അടുത്ത രണ്ട് മല്‍സരങ്ങള്‍ ജയിച്ചാല്‍ പരമ്പര അവര്‍ക്ക് സ്വന്തം. ഓരോ മല്‍സരം വിജയിച്ചാല്‍ സിഡ്നിയില്‍ ജനുവരി മൂന്നിന് തുടങ്ങുന്ന അവസാന ടെസ്റ്റ് അക്ഷരാര്‍ഥത്തില്‍ ഫൈനല്‍ ആയി മാറും. ‘ക്ലാസിക്’ തലത്തിലേക്ക് ഇത്തവണത്തെ ബോര്‍ഡര്‍–ഗവാസ്കര്‍ പരമ്പര ഉയര്‍ന്നുകഴിഞ്ഞുവെന്നര്‍ഥം.
പെര്‍ത്തില്‍ 295 റണ്‍സിന് ഓസ്ട്രേലിയയെ കെട്ടുകെട്ടിച്ചാണ് ഇന്ത്യ തുടങ്ങിയത്. എന്നാല്‍ അഡ്‍ലെയ്ഡില്‍ ഓസ്ട്രേലിയ അതേ നാണയത്തില്‍ തിരിച്ചടിച്ചു. 10 വിക്കറ്റിന്‍റെ വമ്പന്‍ ജയം. പിങ്ക് പന്തിനുമുന്നില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ രണ്ടിന്നിങ്സിലും പതറി. ട്രാവിസ് ഹെഡിന്‍റെ സെഞ്ചറി ആ മുറിവില്‍ മുളകുപുരട്ടുന്നതിന് തുല്യമായി. മുഹമ്മദ് സിറാജ് ഹെഡുമായി കൊമ്പുകോര്‍ത്തതും ഇന്ത്യന്‍ താരങ്ങളുടെ നിരാശയോട് ചേര്‍ത്തുവായിക്കപ്പെട്ടു.
കഴിഞ്ഞത് കഴിഞ്ഞു. ഇനി അഭിമാനപോരാട്ടമാണ്. ആ തിരിച്ചറിവിന്‍റെ ലക്ഷണങ്ങള്‍ ഇന്ത്യന്‍ നെറ്റ്സില്‍ കണ്ടു. പ്രത്യേകിച്ച് ബാറ്റര്‍മാരുടെ പരിശീലനത്തില്‍. രോഹിത് ശര്‍മ ഓപ്പണറായി മടങ്ങിയെത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അഡ്‍ലെയ്ഡില്‍ ആറാമതിറങ്ങിയ ക്യാപ്റ്റന്‍ രണ്ടിന്നിങ്സിലും പരാജയമായിരുന്നു. ഒന്നാമിന്നിങ്സില്‍ മൂന്ന് റണ്‍സും രണ്ടാമിന്നിങ്സില്‍ ആറ് റണ്‍സും. രോഹിത്ത് ഓപ്പണ്‍ ചെയ്താല്‍ കെ.എല്‍.രാഹുല്‍ ആറാം സ്ഥാനത്തേക്കിറങ്ങേണ്ടിവരും. പെര്‍ത്തിലും അഡ്‍ലെയ്ഡിലും ഓപ്പണറായിറങ്ങിയ രാഹുല്‍ മോശമാക്കിയില്ല.
അഡ്‍ലെയ്ഡിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ രോഹിത്തിന്‍റെയും വിരാട് കോലിയുടെയും പ്രകടനത്തെ വിമര്‍ശകര്‍ സൂക്ഷ്മദര്‍ശിനിയിലൂടെയാവും നോക്കിക്കാണുക. ബോളിങ്ങില്‍ ബുംറയ്ക്ക് പകരംവയ്ക്കാന്‍ ഇന്ത്യന്‍ നിരയില്‍ ആരുമില്ല. എന്നാല്‍ മറ്റുബോളര്‍മാരില്‍ നിന്ന് ബുംറയ്ക്ക് വേണ്ടത്ര പിന്തുണ ലഭിക്കുന്നുണ്ടോയെന്നത് സംശയമാണ്. വിക്കറ്റെടുക്കുന്നുണ്ടെങ്കിലും സിറാജ് ഒഴികെയുള്ളവരുടെ സ്ഥിരതയില്ലായ്മ ടീം മാനേജ്മെന്‍റിനെ അലട്ടുന്നുണ്ട്.
ഗാബയിലെ പിച്ച് തുടക്കത്തില്‍ പേസിനെ തുണയ്ക്കുമെന്നാണ് വിലയിരുത്തല്‍. മിച്ചല്‍ സ്റ്റാര്‍ക്കിനും പാറ്റ് കമിന്‍സിനുമൊപ്പം ജോഷ് ഹെയ്സല്‍വുഡ് തിരിച്ചെത്തുന്നതോടെ ഓസ്ട്രേലിയന്‍ ബോളിങ് കൂടുതല്‍ കരുത്തുറ്റതാകും. അഡ്‍ലെയ്ഡില്‍ ഹെയ്സല്‍വുഡിന് പകരമെത്തിയ സ്കോട്ട് ബോളണ്ട് ഒഴിവാകും. ഇത് മാത്രമാണ് ഓസ്ട്രേലിയന്‍ ടീമിലെ മാറ്റം. ബോളിങ് ശക്തമാണെങ്കിലും മുന്‍നിര ബാറ്റര്‍മാരുടെ പിഴവുകള്‍ ഇന്ത്യയേക്കാള്‍ ഓസ്ട്രേലിയയെ അലട്ടുന്നുണ്ട്. ട്രാവിസ് ഹെഡിന്‍റെ മിന്നുംപ്രകടനം പ്രതീക്ഷയാണ്. പക്ഷേ മറ്റുള്ളവര്‍ ഫോമിലെത്തിയില്ലെങ്കില്‍ പോരാട്ടം കടുപ്പമാകും. ആദ്യ ടെസ്റ്റില്‍ അഞ്ച് മുന്‍നിര ബാറ്റര്‍മാര്‍ രണ്ടിന്നിങ്സിലും പരാജയപ്പെട്ടതാണ് ആതിഥേയരുടെ തോല്‍വിക്ക് വഴിവച്ചത്.