ഓസ്ട്രേലിയ്ക്കെതിരായ ആദ്യ രണ്ടു ടെസ്റ്റിലും ഇന്ത്യ പരീക്ഷിച്ച ഓപ്പണിങ് കൂട്ടുകെട്ടില്‍ മാറ്റമുണ്ടാകുമോ എന്നാണ് ബ്രിസ്ബേന്‍ ടെസ്റ്റിന് മുന്നോടിയായി ആരാധകരുടെ ചോദ്യം. ശനിയാഴ്ചയാണ് ബ്രിസബേണില്‍ ടോസ്. പെര്‍ത്തില്‍ കളിക്കാതിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ അഡ്‍ലെയ്ഡില്‍ തിരിച്ചെത്തിയപ്പോഴും ആദ്യ ടെസ്റ്റിലെ വിജയകരമായ ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കേണ്ട എന്നായിരുന്നു ടീം തീരുമാനം.
ക്യാപ്റ്റന്‍ രോഹിത് ആറാമനായാണ് അഡ്‍ലെയ്ഡില്‍ ബാറ്റിങിനിറങ്ങിയത്. 2018 ന് ശേഷം ആദ്യമായാണ് രോഹിത് ആറാമനായി ഇറങ്ങുന്നത്. പെര്‍ത്തില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായിരുന്നു യശ്സ്വി ജയ്സ്വാള്‍, കെ.എല്‍ രാഹുല്‍ കൂട്ടുകെട്ട്. എന്നാല്‍ അഡ്‍ലെയ്ഡില്‍ രോഹിതും, രാഹുലും ജയ്സ്വാളും പരാജയപ്പെട്ടതോടെയാണ് പുതിയ ഓപ്പണിങിനെ പറ്റി ചര്‍ച്ച തുടങ്ങിയത്.
ബ്രിസ്ബേനില്‍ ഇന്ത്യയുടെ പരിശീലന സെഷനാണ് രോഹിത് ഓപ്പണിങിലേക്ക് മടങ്ങിയെത്തും എന്ന സൂചന നല്‍കുന്നത്. രണ്ടാം ടെസ്റ്റിന് ശേഷം ബുധനാഴ്ചയാണ് ടീം ഇന്ത്യ ബ്രിസ്ബേനില്‍ പരിശീലനത്തിന് എത്തിയത്. കെ.എല്‍ രാഹുലും യശ്സ്വി ജയ്സ്വാളും ചേര്‍ന്നാണ് ഇന്ത്യയുടെ ബാറ്റിങ് പരിശീലനം തുടങ്ങിയത്. രോഹിത് ശര്‍മ സ്ലിപ്പ് പരിശീലനത്തിലായിരുന്നു. എന്നാല്‍ ന്യൂബോളില്‍ രാഹുലിന് പകരം രോഹിത് ശര്‍മയാണ് ബുമ്രയെയും സിറാജിനെയും ആകാശ് ദീപീനിയെും നെറ്റ്സില്‍ നേരിട്ടത്.
ഇതോടെയാണ് ബ്രിസ്ബേനില്‍ ഇന്ത്യന്‍ ഓപ്പണിങില്‍ മാറ്റത്തെ പറ്റി ചര്‍ച്ചയായത്. രോഹിത് ഓപ്പണറായി എത്തിയാല്‍ കെ.എല്‍ രാഹുല്‍ അഞ്ചാം സ്ഥാനത്തേക്ക് ഇറങ്ങും. ശുഭ്മാന്‍ ഗില്‍, വിരാട് കോലി എന്നിവരാകും മൂന്നും നാലും സ്ഥാനത്ത്. ആറാമനായി റിഷഭ് പന്ത്, ഏഴാമന്‍ നിതീഷ് കുമാര്‍ റെഡ്ഡി എന്നിങ്ങനെയാകും ഇന്ത്യന്‍ ബാറ്റിങ് എന്നാണ് പ്രതീക്ഷിക്കുന്നത്.
നേരത്തെ മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്കര്‍ അടക്കം രോഹിത് ഓപ്പണ്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഓപ്പണിങിലേക്ക് എത്തുന്നത് ടീമിന് കൂടുതല്‍ സ്കോര്‍ ചെയ്യാന്‍ സഹായകമാകുമെന്നാണ് ഗവാസ്കറിന്‍റെ വാദം. 'എന്തുകൊണ്ടാണ് രാഹുല്‍ ഓപ്പണ്‍ ചെയ്തതെന്ന് ഓര്‍ക്കണം, രോഹിത് ആദ്യ ടെസ്റ്റിന് ഉണ്ടായിരുന്നില്ല, ഇപ്പോള്‍ രോഹിത് ഓപ്പണിലേക്ക് തിരികെ എത്തേണ്ടതുണ്ട്' ഗവാസ്കര്‍ പറഞ്ഞു. ഓപ്പണിങില്‍ രോഹിത് വേഗത്തിൽ സ്കോർ ചെയ്താല്‍ പിന്നീട് സെഞ്ചറി നേടാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.