virat-ipl

TOPICS COVERED

ഈ ഐപിഎല്‍ വിരാട് കോലിയുടേത് ആയിരിക്കുമോ? പതിനെട്ടാം നമ്പര്‍ ജേഴ്സിയില്‍ പതിനെട്ടാം സീസണില്‍ ഇറങ്ങുന്ന കോലി ഐപിഎല്‍ കന്നി കിരീടം നേടുമെന്നാണ് പ്രവചനം. കിരീടം നേടിയാലും ഇല്ലെങ്കിലും ഈ സീസണില്‍ കോലിയെ കാത്തിരിക്കുന്നത് റെക്കോര്‍ഡുകളുടെ പൂരമാണ്.

പതിനെട്ട് എന്ന നമ്പര്‍ വിരാട് കോലിക്ക് ഏറെ വൈകാരിക ബന്ധമുള്ള നമ്പര്‍. അണ്ടര്‍ 19 ടീമില്‍ എത്തിയതു മുതല്‍ വിരാട് കോലിയുടെ ജേഴ്സി നമ്പര്‍ 18 ആണ്. വിരാടിന്‍റെ പിതാവ് 2006 ഡിസംബര്‍ പതിനെട്ടിനാണ് അന്തരിച്ചത്. രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റം 2008 ഓഗസ്റ്റ് പതിനെട്ടിനായിരുന്നു. ഇതാണ് വിരാടിന് പതിനെട്ടാം നമ്പറിനോടുള്ള വൈകാരിക അടുപ്പം.പതിനെട്ടാം നമ്പറിനെ ജേഴ്സിയില്‍ മാത്രമല്ല, ബിസിനസിലും വിരാട് ഒപ്പംകൂട്ടി. 

ഈ ഐപിഎല്‍ സീസണില്‍ വീണ്ടും വിരാട് കോലിയും പതിനെട്ടാം നമ്പറും ചര്‍ച്ചയാകുകയാണ്. ഐപിഎല്ലിന്‍റെ പതിനെട്ടാം സീസണാണിത്. ഈ പതിനെട്ട് സീസണിലും കോലി ഒരു ടീമില്‍ ആയിരുന്നു, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍. ഒരു ടീമിനായി തുടര്‍ച്ചയായി പതിനെട്ടാം സീസണിലും പതിനെട്ടാം നമ്പര്‍ ജേഴ്സി അണിഞ്ഞ് വിരാട് കോലി എത്തുമ്പോള്‍ ഐപിഎല്ലിലെ കിരീട വരള്‍ച്ച മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എന്തായാലും കോലിയും പതിനെട്ടാം നമ്പറും പതിനെട്ടാം സീസണും വച്ചാണ് ഇക്കുറി ഐപിഎല്‍ പരസ്യവും ഇറക്കിയിരിക്കുന്നത്. 

വിരാട് കോലി കിരീടം നേടിയാലും ഇല്ലെങ്കിലും കിങ്ങിനെ കാത്തിരിക്കുന്നത് ഒട്ടേറെ റെക്കോര്‍ഡുകളാണ്. ഈ സീസണില്‍ ഒരു സെഞ്ചുറി നേടിയാല്‍ ട്വന്‍റി 20 ക്രിക്കറ്റില്‍ പത്ത് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമാാകും വിരാട് കോലി. ഇരുപത് സെഞ്ചുറി അടിച്ച ക്രിസ് ഗെയിലാണ് ഒന്നാമന്‍. കഴിഞ്ഞ സീസണില്‍ 15 മല്‍സരങ്ങളില്‍ നിന്ന് 741 റണ്‍സ് നേടി ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ കോലി ഈ സീസണിലും മികവ് തുടരുമെന്ന് കരുതാം. ട്വന്‍റി 20യില്‍ 13000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും കോലിയെ കാത്തിരിക്കുന്നു. ആ റെക്കോര്‍ഡിന് ഇനി 114 റണ്‍സ് മതി. നിലവില്‍ 12886 റണ്‍സാണ് സമ്പാദ്യം. 

ഒരു മല്‍സരം അകലെ ട്വന്‍റി 20യില്‍ 400 മല്‍സരങ്ങള്‍ എന്ന നേട്ടം കാത്തിരിക്കുന്നു. രോഹിത് ശര്‍മയും ദിനേശ് കാര്‍ത്തിക്കുമാണ് ട്വന്‍റി 20യില്‍ 400ലേറെ മല്‍സരം കളിച്ച മറ്റ് ഇന്ത്യാക്കാര്‍. ട്വന്‍റി 20യില്‍ ഫിഫ്റ്റി അടിക്കുന്നതില്‍ സെഞ്ചുറിയടിക്കാന്‍ മൂന്ന് ഫിഫ്റ്റി കൂടി മതി. ഓസ്ട്രേലിയയുടെ വാര്‍ണര്‍ ആണ് നിലവില്‍ ഫിഫ്റ്റിയില്‍ സെഞ്ചുറിയടിച്ചയാള്‍. ഐപിഎല്ലില്‍ കൂടുതല്‍ ഫിഫ്റ്റി അടിക്കുന്ന നേട്ടത്തിന് ഇനി എട്ട് ഫിഫ്റ്റികൂടി വേണം. എന്നാല്‍ ഐപിഎല്ലില്‍ ഫിഫ്റ്റി പ്ലസ് നേട്ടത്തില്‍ ഡേവിഡ് വാര്‍ണറെ മറികടക്കാന്‍ ഇനി നാല് ഫിഫ്റ്റി പ്ലസ് മതി. വാര്‍ണര്‍ 66 തവണയും കോലി 63 തവണയും ഫിഫ്റ്റി പ്ലസ് റണ്‍സ് നേടി. ഐപിഎല്ലില്‍ മാത്രം വിരാട് കോലി 8004 റണ്‍സ് നേടിയിട്ടുണ്ട്. 

ENGLISH SUMMARY:

As Virat Kohli enters the 18th IPL season with his No. 18 jersey, he is on the brink of historic records, including 10 T20 centuries and 13,000 T20 runs. Will he finally win the title?