മലപ്പുറത്തിന്റെ കാല്‍പന്താവേശത്തിന് മാറ്റുകൂട്ടാന്‍ മലപ്പുറം ഫുട്ബോൾ ക്ലബ്ബിന്റെ പരിശീലകനായി മുൻ ഇംഗ്ലണ്ട് താരവും ചെന്നൈയിന്‍ എഫ് സി മുൻ പരിശീലകനുമായ ചാൾസ് ഗ്രിഗറി ചുതലയേറ്റു. അനസ് എടത്തൊടികയും ഫസ്ലു റഹ്മാനും അടക്കമുള്ള പ്രമുഖ താരങ്ങളാണ് ടീമിൽ അണിനിരക്കുക. കേരള സൂപ്പർ ലീഗ് മല്‍സരം ലക്ഷ്യമാക്കിയുള്ള പരിശീലനം കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിലാണ് നടക്കുക.
ഫുട്ബോളിന്റെ മക്കയ്ക്കിനി ആവേശനാളുകളാണ്. കരുത്തുറ്റ താരങ്ങളുമായാണ് ടീം സജ്ജമാകുന്നത്. സൂപ്പർ ലീഗ് കേരളയുടെ ആദ്യ സീസണിൽ തന്നെ കിരീടം മലപ്പുറത്തേക്ക് എത്തിക്കാനുള്ള പരിശ്രമത്തിലാണ് ക്ലബ്. മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം അറിഞ്ഞാണ് ജോണ്‍ ഗ്രിഗറിയുടെ വരവ്. ജില്ലയില്‍ നിന്ന് താരങ്ങളെ കണ്ടെത്തി രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുകയാണ് മലപ്പുറം ഫുട് ബോൾ ക്ലബ്ബിന്റെ ലക്ഷ്യം.
കാല്‍പന്താവേശം നിറച്ച് സെപ്റ്റംബറിലാണ് സൂപ്പർ ലീഗ് കേരളയുടെ ആദ്യ സീസൺ ആരംഭിക്കുന്നത്. ആറ് ടീമുകളുമായി തുടങ്ങുന്ന എസ്എല്‍കെ യുടെ ആദ്യ സീസൺ ജേതാക്കൾക്ക് ഒരു കോടി രൂപയാണ് സമ്മാനത്തുക. റണ്ണറപ്പുകൾക്ക് 50 ലക്ഷം രൂപയും ലഭിക്കും. കണ്ണൂർ സ്ക്വാഡ് എഫ് സി, തൃശൂർ റോർ എഫ് സി, കാലിക്കറ്റ് എഫ് സി, തിരുവനന്തപുരം കൊമ്പൻസ് എഫ് സി എന്നിവരാണ് മറ്റു ടീമുകൾ. തിരുവനതപുരം, കൊച്ചി, കോഴിക്കോട്,മലപ്പുറം എന്നിവിടങ്ങളിലായാണ് മത്സരം നടക്കുക.